മോശം പെരുമാറ്റം, വൈസ് ക്യാപ്റ്റനെ ടീമില്‍ നിന്ന് പിന്‍വലിച്ച് വിന്‍ഡീസ് ക്രിക്കറ്റ്

വിന്‍ഡീസിന്റെ 21 വയസ്സുകാരി വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹെയിലി മാത്യൂസിനെ സ്ക്വാഡില്‍ നിന്ന് പിന്‍വലിച്ച് വിന്‍ഡീസ് ക്രിക്കറ്റ്. പെരുമാറ്റ ചട്ട ലംഘനത്തെത്തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് പിന്‍വലിച്ചതെന്ന് ബോര്‍ഡ് അറിയിച്ചു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ നിന്നാണ് താരത്തെ പിന്‍വലിച്ചത്. സെപ്റ്റംബര്‍ നാലിനാണ് ഈ നടപടിയ്ക്ക് കാരണമായ സംഭവം നടന്നത്. സംഭവം ക്രിക്കറ്റ് വിന്‍ഡീസ് ഡിസിപ്ലനറി ട്രൈബ്യൂണലിലേക്ക് അയയ്ച്ചിട്ടുണ്ടെന്നും മീഡിയ റിലീസില്‍ ബോര്‍ഡ് വ്യക്തമാക്കി. ഏകദിന പരമ്പര ഇന്നലെ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് താരത്തിനെതിരെ നടപടി.

നേരത്തെ തന്നെ പല സീനിയര്‍ താരങ്ങളും പരിക്കേറ്റ് പുറത്തിരിക്കുന്ന വിന്‍ഡീസ് ടീമിനെ വലിയ തിരിച്ചടിയാണ് ഈ വൈസ് ക്യാപ്റ്റന്‍ താരത്തിന്റെ പുറത്താകലും. മാത്യൂസിന് പകരക്കാരിയായി 21 വയസ്സുകാരി ഓഫ് സ്പിന്നര്‍ ഷെനേറ്റ ഗ്രിമ്മോണ്ടിനെ വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.