വിജയത്തോടെ ഏകദിന പരമ്പര അവസാനിപ്പിച്ച് ഇന്ത്യ എ

4-1ന്റെ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടിയ ടീമിന് തുണയായത് സഞ്ജു സാംസണിന്റെ(91) വെടിക്കെട്ട് പ്രകടനവും ശിഖര്‍ ധവാന്‍(51), ശ്രേയസ്സ് അയ്യര്‍ (36) എന്നിവരുടെ ബാറ്റിംഗ് മികവുമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ നിന്ന് 168 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്നിംഗ്സിലെ അവസാന പന്തില്‍ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇതോടെ 36 റണ്‍സ് വിജയത്തോടെ ഇന്ത്യ പരമ്പരയിലെ നാലാം വിജയം കരസ്ഥമാക്കി. കഴിഞ്ഞ മത്സരം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാല് റണ്‍സിന് ഇന്ത്യയ്ക്ക് കൈവിടേണ്ടി വന്നിരുന്നു. ഇന്ന് റീസ ഹെന്‍ഡ്രിക്സ്(59), കൈല്‍ വെറൈന്നേ(44) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു. ഇന്ത്യയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാരില്‍ തിളങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റ് ലഭിച്ചു.