വനിത ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി എലീസ് പെറി

ഇംഗ്ലണ്ടിനെതിരെ വനിത ആഷസില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി ഓസ്ട്രേലിയയുടെ എലീസ് പെറി. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 269/7 എന്ന സ്കോര്‍ നേടിയപ്പോള്‍ എലീസ് പെറിയുടെ ബൗളിംഗ് മികവില്‍ ഇംഗ്ലണ്ടിനെ 75 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഓസ്ട്രേലിയ 194 റണ്‍സിന്റെ വിജയം കൊയ്തത്. 32.5 ഓവറിലാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

പെറി തന്റെ പത്തോവറില്‍ 7 വിക്കറ്റാണ് വെറും 22 റണ്‍സ് വിട്ട് നല്‍കി നേടിയത്. ഇതില്‍ നാല് ഓവര്‍ മെയ്ഡന്‍ ഓവര്‍ ആയിരുന്നു. വനിത ഏകദിന ക്രിക്കറ്റില്‍ ഒരു ഓസ്ട്രേലിയന്‍ താരത്തിന്റെ ഏറ്റവും മികച്ച സ്പെല്ലാണ് ഇന്ന് പെറി പുറത്തെടുത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി അലൈസ ഹീലി(68), മെഗ് ലാന്നിംഗ്(69) എന്നിവര്‍ക്കൊപ്പം ആഷ്‍ലി ഗാര്‍ഡ്നര്‍(29), ജെസ്സ് ജോനാസ്സെന്‍(24) എന്നിവരാണ് തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി നത്താലി സ്കിവര്‍ മൂന്ന് വിക്കറ്റ് നേടി.

പാക്കിസ്ഥാന്‍ താരം സാജ്ജിദ എട്ടോവര്‍ 5 മെഡ്ന്‍ 4 റണ്‍സിന് ഏഴ് വിക്കറ്റാണ് ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. ഇംഗ്ലണ്ടിന്റെ ചേംബര്‍ലിന്‍ (9-1-8-7), വിന്‍ഡീസിന്റെ അനീസ(8.3-1-14-7) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റു താരങ്ങള്‍.