വിന്‍ഡീസ് പ്രതീക്ഷയായി ഹോപ്, അവസാന ഓവറുകളില്‍ സംഹാര താണ്ഡവവുമായി ആഷ്‍ലി നഴ്സ്

- Advertisement -

ഇന്ത്യയ്ക്കെതിരെ പൂനെ ഏകദിനത്തില്‍ വിന്‍ഡീസ് 283/9 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 121/5 എന്ന നിലയിലേക്ക് വീണ വിന്‍ഡീസിനെ ഷായി ഹോപ്പിന്റെ പ്രകടനമാണ് താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഇന്നിംഗ്സിലെ എട്ടാം വിക്കറ്റായി വീഴുമ്പോള്‍ ഹോപ് 95 റണ്‍സാണ് നേടിയത്. അര്‍ഹമായൊരു ശതകം നഷ്ടമായെങ്കിലും താരത്തിന്റെ പോരാട്ടവീര്യം വിന്‍ഡീസിനു പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ആഷ്‍ലി നഴ്സും കെമര്‍ റോച്ചും ചേര്‍ന്ന് നേടിയ 56 റണ്‍സിന്റെ ബലത്തിലാണ് വിന്‍ഡീസ് വീണ്ടും ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പതിവു ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ വിന്‍ഡീസ് വീണ്ടും മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും താരം 21 പന്തില്‍ നിന്ന് 37 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ആഷ്‍ലി നഴ്സ്(40)-കെമര്‍ റോച്ച്(15) സഖ്യം 56 റണ്‍സ് നേടിയതും വിന്‍ഡീസിനു തുണയായി. 22 പന്തില്‍ നിന്നാണ് നഴ്സ് തന്റെ 40 റണ്‍സ് നേടിയത്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 4 വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Advertisement