വിന്‍ഡീസ് പരമ്പരയ്ക്കായി പ്രത്യേകം തയ്യാറെടുപ്പുകള്‍: ഋഷഭ് പന്ത്

ഒക്ടോബര്‍ 4നു ആരംഭിക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ അവസരം ലഭിയ്ക്കുന്നതിനായി തന്റെ വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെടുത്തുവാനായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് അറിയിച്ച് ഋഷഭ് പന്ത്. രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്കായി വിന്‍ഡീസ് ഇന്ത്യയിലെത്തുമ്പോള്‍ കീപ്പിംഗ് ദൗത്യം ഋഷഭ് പന്തിനോ ദിനേശ് കാര്‍ത്തിക്കിനെയോ ആവും ഏല്പിക്കുക. വൃദ്ധിമന്‍ സാഹയുടെ പരിക്ക് ഭേദപ്പെടാത്തതിനാലാണ് ഇത്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ടേണിംഗ് പിച്ചുകളില്‍ പരിശീലനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പന്ത് ഇറിയിച്ചു. രാജ്കോട്ടിലെയും ഹൈദ്രാബാദിലെയും ടെസ്റ്റ് വേദികളിലേതിനു സമാനമായി കുത്തി തിരിയുന്ന പന്തുകളെ കീപ്പ് ചെയ്യുവാനാണ് തന്റെ ശ്രമമെന്നും പന്ത് പറഞ്ഞു. പരമ്പരയ്ക്ക് മു്പ് താന്‍ എന്‍സിഎ സന്ദര്‍ശിക്കുമെന്നും വിജയ് ഹസാരെ ട്രോഫി കളിക്കുന്ന പന്ത് അറിയിച്ചു.

അടുത്തിടെ പന്തിന്റെ ബാറ്റിംഗിനെ പ്രശംസിച്ച സെലക്ടര്‍ എംഎസ്‍കെ പ്രസാദ് താരത്തിന്റെ കീപ്പിംഗ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് അറിയിച്ചിരുന്നു. ഇംഗ്ലണ്ടില്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വേണ്ടി കീപ്പിംഗ് ചെയ്തത് തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നും പന്ത് പറഞ്ഞു. ഓവലിലെ പിച്ച് ഇന്ത്യന്‍ പിച്ചുകള്‍ക്ക് സമാനമായിരുന്നുവെന്നും പന്ത് കൂട്ടിചേര്‍ത്തു.