ഇംഗ്ലണ്ട് കരച്ചിൽ നിർത്തണം, അവസാന ടെസ്റ്റിലും സ്പിൻ പിച്ച് മതി എന്ന് വിവിയൻ റിച്ചാർഡ്സ്

മൊടെര ടെസ്റ്റിലെ പിച്ചിനെ കുറിച്ചുള്ള ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളുടെ പരാതികളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ്. ഇംഗ്ലണ്ട് കരച്ചിൽ നിർത്തണം എന്നും ഇത് ടെസ്റ്റ് ആണെന്നും ഏതു സാഹചര്യത്തിലും കളിക്കാൻ പഠിക്കണം എന്നും റിച്ചാർഡ്‌സ് പറഞ്ഞു. ടെസ്റ്റ് എന്ന പേരു തന്നെ എല്ലാ പരീക്ഷണങ്ങളും നേരിടുക എന്ന അർത്ഥത്തിലാണ്. ഇംഗ്ലണ്ട് അവർക്ക് അനുകൂലമായ പരിചിതമായ സാഹചര്യത്തിൽ തന്നെ നിൽക്കണം എന്ന് വാശിപിടിക്കുന്നത് ശരിയല്ല എന്ന് റിച്ചാർഡ്സ് പറഞ്ഞു.

ഇന്ത്യ സ്പിൻ ലോകമാണ്. അവിടെ ചെന്നാൽ പിച്ചിൽ ടേൺ കൂടുതലാണ് എന്ന് പരാതി പറയുന്നത് ശരിയല്ല. അതിനോട് പൊരുതുകയാണ് ചെയ്യേണ്ടത്. പുറത്ത് നല്ല ബൗൺസ് ഉള്ള പിച്ചുകൾ ലഭിക്കുന്നുണ്ട്. അവിടെ ബാറ്റ്സ്മാന്മാർ പൊരുത്തപ്പെടുന്നതാണ്. അതുപോലെ സ്പിന്നിന്റെ പിച്ചിലും പൊരുത്തപ്പെടാൻ പഠിക്കണം. താൻ ആണ് ഇന്ത്യയിൽ പിച്ച് ഒരുക്കുന്നത് എങ്കിൽ മൂന്നാം ടെസ്റ്റിന് ഒരുക്കിയ അതേ പിച്ചാകും നാലാം ടെസ്റ്റിനും ഒരുക്കുക എന്നും റിച്ചാർഡ്സ് പറഞ്ഞു.