ടോപ് ഓര്‍ഡറില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി ഉത്തപ്പ, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി സച്ചിന്‍ ബേബി, കേരളത്തിന് രണ്ടാം ജയം

ഉത്തര്‍ പ്രദേശിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ വിജയം കരസ്ഥമാക്കി കേരളം. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ രണ്ടാമത്തെ വിജയം ആണ് ഇത്. ഇന്ന് 284 റണ്‍സ് ചേസ് ചെയ്തിറങ്ങിയ കേരളത്തിന് 7 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം 48.5 ഓവറില്‍ മറികടക്കാനായത്.

വിഷ്ണു വിനോദിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം റോബിന്‍ ഉത്തപ്പയും സഞ്ജു സാംസണും രണ്ടാംവ വിക്കറ്റില്‍ 104 റണ്‍സാണ് നേടിയത്. 55 പന്തില്‍ നിന്ന് 81 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയെ ആണ് കേരളത്തിന് നഷ്ടമായത്. ഉത്തപ്പ 8 ഫോറും 4 സിക്സുമാണ് നേടിയത്. രണ്ട് പന്തുകള്‍ക്ക് ശേഷം സ്കോര്‍ ബോര്‍ഡില്‍ മാറ്റമില്ലാതെ തന്നെ സഞ്ജുവിനെ(29) റണ്ണൗട്ട് രൂപത്തില്‍ കേരളത്തിന് നഷ്ടമായപ്പോള്‍ ടീം 122/1 എന്ന നിലയില്‍ നിന്ന് 122/3 എന്ന നിലയിലേക്ക് വീണു

സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 71 റണ്‍സ് നേടി കേരളത്തിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വത്സലിനെയും(30) മുഹമ്മദ് അസ്ഹറുദ്ദീനെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായത്. കരണ്‍ ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്.

പിന്നീട് ജലജ് സക്സേനയുമായി ചേര്‍ന്ന് കേരളത്തിനെ വിജയത്തിന്റെ 26 റണ്‍സ് അടുത്ത് സച്ചിന്‍ എത്തിച്ചുവെങ്കിലും 31 റണ്‍സ് നേടിയ ജലജ് സക്സേന റണ്ണൗട്ടായത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. ജലജുമായി ചേര്‍ന്ന് 62 റണ്‍സാണ് സച്ചിന്‍ ബേബി ആറാം വിക്കറ്റില്‍ നേടിയത്.

പിന്നീട് സച്ചിന്‍ ബേബിയും റോജിത്തും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 12 റണ്‍സ് നേടിയെങ്കിലും സച്ചിന്‍ ബേബിയെ(76) മൊഹ്സിന്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയത് കേരള ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും പകരം ക്രീസിലെത്തിയ നിധീഷ് 6 പന്തില്‍ നിന്ന് 13 റണ്‍സ് നേടി കേരളത്തിന്റെ വിജയം ഉറപ്പാക്കി. റോജിത്ത് പുറത്താകാതെ 6 റണ്‍സ് നേടി.