ബിഹാറിനെ എറിഞ്ഞ് തകര്‍ത്ത് ശ്രീശാന്ത്

വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം. മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ ബൗളിംഗ് മികവില്‍ ആണ് കേരളം ബിഹാറിനെ 148 റണ്‍സില്‍ ഒതുക്കിയത്. ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ശ്രീശാന്ത് 9 ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് 4 വിക്കറ്റ് നേടിയത്. ജലജ് സക്സേന തന്റെ പത്തോവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. 64 റണ്‍സ് നേടിയ ബിഹാറിന്റെ ടോപ് സ്കോറര്‍ ബാബുല്‍ കുമാറിന്റെ വിക്കറ്റ് ജലജ് സക്സേന ആണ് വീഴ്ത്തിയത്.

40.2 ഓവറിലാണ് ബിഹാര്‍ ഓള്‍ഔട്ട് ആയത്. നിധീഷ് എംഡി രണ്ടും അക്ഷയ് ചന്ദ്രന്‍ ഒരു വിക്കറ്റും നേടി.