ഫോം വീണ്ടെടുക്കുവാന്‍ ഇന്ത്യന്‍ ഉപ നായകന്റെ ശ്രമം, വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കും

ലോകകപ്പ് 2019നുള്ള ഏകദിന ടീമില്‍ എത്തുവാനുള്ള അവസാന ശ്രമവുമായി അജിങ്ക്യ രഹാനെ. ഇംഗ്ലണ്ടില്‍ സാധാരണ ബാറ്റിംഗ് ഫോം മാത്രം കാഴ്ചവെച്ച അജിങ്ക്യ രഹാനെ തന്റെ ഫോം വീണ്ടെടുക്കുവാനായി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. ലോകകപ്പിനു എട്ട് മാസത്തോളം സമയമുള്ളപ്പോളാണ് മുംബൈയ്ക്ക് വേണ്ടി ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് തന്റെ സ്ഥാനം ടീമില്‍ ഉറപ്പിക്കുവാനുള്ള ശ്രമങ്ങള്‍ രഹാനെ ആരംഭിക്കുന്നത്.

സെപ്റ്റംബര്‍ 19നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ഇംഗ്ലണ്ടില്‍ 10 ഇന്നിംഗ്സില്‍ നിന്ന് താരത്തിനു 257 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ട് അര്‍ദ്ധ ശതകങ്ങള്‍ നേടിയ താരം ഇന്ത്യ വിജയിച്ച ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ നിര്‍ണ്ണായകമായ 81 റണ്‍സ് നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യത്തെ നാല് മത്സരങ്ങളില്‍ താരം കളിക്കുമെന്നാണ് അറിയുന്നത്. ഏഷ്യ കപ്പ് ടീമില്‍ ഇടം നേടാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നില്ല.

Previous articleബാഴ്സലോണ നഗരത്തിന്റെ ഡിസൈനിൽ ബാഴ്സ തേർഡ് കിറ്റ്
Next articleഖെദീര യുവന്റസിൽ കരാർ പുതുക്കി