ബേസില്‍ തമ്പിയ്ക്ക് നാല് വിക്കറ്റ്, 46 റണ്‍സിനു സൗരാഷ്ട്രയെ പരാജയപ്പെടുത്തി കേരളം

316/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം സൗരാഷ്ട്രയെ 270 റണ്‍സിനു എറിഞ്ഞിട്ട കേരളത്തിനു 46 റണ്‍സ് വിജയം. ഇന്ന് വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ-ബി മത്സരത്തിലാണ് സൗരാഷ്ട്രയെ കേരളം കീഴടക്കിയത്. കേരളത്തിന്റെ നാലാം ജയമാണിത്. ബേസില്‍ തമ്പിയുടെ നാല് വിക്കറ്റ് നേട്ടത്തിനൊപ്പം അക്ഷയ് കെസി നേടിയ മൂന്ന് വിക്കറ്റുകള്‍ കൂടി ചേര്‍ന്നപ്പോളാണ് കേരളത്തിനു മികച്ച വിജയം സാധിച്ചത്.

66 റണ്‍സ് നേടിയ ചിരാഗ് ജാനിയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. സിദ്ധാര്‍ത്ഥ് വ്യാസ് 91 റണ്‍സുമായി അവസാന വിക്കറ്റായി പുറത്തായി. അവസാന ഓവറുകളില്‍ സമര്‍ത്ഥ് വ്യാസ് തകര്‍ത്തടിച്ചുവെങ്കിലും ലക്ഷ്യം ഏറെ വലുതായതിനാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ താരത്തിനായില്ല. 8 ബൗണ്ടറിയും 5 സിക്സും ഉള്‍പ്പെടെയായിരുന്നു വ്യാസിന്റെ ഇന്നിംഗ്സ്. പത്താം വിക്കറ്റില്‍ വ്യാസിന്റെ മികവില്‍ സൗരാഷ്ട്ര 77 റണ്‍സാണ് നേടിയത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ സച്ചിന്‍ ബേബിയാണ് വ്യാസിനെ പുറത്താക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബി(93), വിഷ്ണു വിനോദ്(62), വിഎ ജഗദീഷ്(41), അരുണ്‍ കാര്‍ത്തിക്(38*) എന്നിവരുടെ മികവില്‍ 316 റണ്‍സാണ് 50 ഓവറില്‍ നിന്ന് നേടിയത്.