മുംബൈയ്ക്ക്, പകരം ക്യാപ്റ്റനായി ധവാല്‍ കുല്‍ക്കര്‍ണ്ണി

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും ദേശീയ ടീമിലേക്കുമായി കളിക്കുവാന്‍ മുന്‍ നിര താരങ്ങള്‍ മുംബൈ നിരയില്‍ നിന്ന് യാത്രയാകുമ്പോള്‍ ടീമിനെ പകരം നയിക്കുക ധവാല്‍ കുല്‍ക്കര്‍ണ്ണി. നിലവിലെ നായകനായ അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് ധവാല്‍ കുല്‍ക്കര്‍ണ്ണിയെ നായകനായി നിയമിച്ചത്. രഹാനെ, പൃഥ്വി ഷാ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ സേവനം മുംബൈയുടെ അടുത്ത മത്സരമായ പഞ്ചാബിനെതിരെയുള്ള കളിയില്‍ ടീമിനു നഷ്ടമാകും.

പഞ്ചാബിനും ഹിമാച്ചലിനും എതിരെയുള്ള മത്സരങ്ങളില്‍ ടീമിനെ ധവാല്‍ കുല്‍ക്കര്‍ണ്ണി നയിക്കും. ഇതാദ്യമായാണ് മുംബൈയെ നയിക്കുവാന്‍ കുല്‍ക്കര്‍ണ്ണിയെ ചുമതലപ്പെടുത്തുന്നത്. ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു വേണ്ടി കളിക്കാന്‍ പോകുമ്പോള്‍ വിന്‍ഡീസിനെതിരെ ടെസ്റ്റ് ടീമിലേക്കാണ് രഹാനെ യാത്രയാകുന്നത്.

രഹാനെയ്ക്കും ശ്രേയസ്സ് അയ്യര്‍ക്കും പകരക്കാരായി ഓപ്പണര്‍ അഖില്‍ ഹെര്‍ഡ്വാഡ്കര്‍, ശുഭം രഞ്ജാനേ എന്നിവരെ മുംബൈ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വി ഷായ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.