ജോര്‍ജ്ജ് ലിന്‍ഡേയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ച് ഉമേഷ് യാദവ്, 162 റണ്‍സിന് ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക, ഫോളോ ഓണ്‍ ഏര്‍പ്പെടുത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 335 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാമെന്ന് ഇന്ത്യ തീരുമാനിച്ചതോടെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ വീണ്ടും ബാറ്റ് ചെയ്യാനിറങ്ങും. 56.2 ഓവറില്‍ 162 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയത്. 37 റണ്‍സുമായി വാലറ്റത്തോടൊപ്പം ചെറുത്ത് നില്പ് നടത്തിയ ജോര്‍ജ്ജ് ലിന്‍ഡേയെ ഉമേഷ് യാദവ് പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് അധികം വൈകാതെ അവസാനിച്ചു.

നേരത്തെ നാലാം വിക്കറ്റില്‍ സുബൈര്‍ ഹംസ-ടെംബ ബാവുമ കൂട്ടുകെട്ട് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയത്. ഹംസ 62 റണ്‍സും ബാവുമ 32 റണ്‍സുമാണ് നേടിയത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി, ഷഹ്ബാസ് നദീം, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.