ന്യൂസിലാണ്ട് നായകന്‍ നയിച്ചു, രണ്ടാം ഏകദിനത്തിലും ടീമിന് വിജയം

Tomlatham
- Advertisement -

ന്യൂസിലാണ്ട് നായകന്‍ ടോം ലാഥം നേടിയ മിന്നും ശതകത്തിന്റെ ബലത്തില്‍ ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 271/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 48.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ടിന്റെ വിജയം. 275 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്.

ന്യൂസിലാണ്ടിന്റെ തുടക്കം അത്ര മികച്ചതല്ലായിരുന്നു. ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ ടീം നേടിയത് വെറും 53 റണ്‍സായിരുന്നു. മാര്‍ട്ടിന്‍ ഗപ്ടില്‍(20), ഹെന്‍റി നിക്കോള്‍സ്(13), വില്‍ യംഗ്(1) എന്നിവരെ നഷ്ടമായ ആതിഥേയര്‍ക്ക് വേണ്ടി നാലാം വിക്കറ്റില് ഡെവണ്‍ കോണ്‍വേ – ടോം ലാഥം കൂട്ടുകെട്ടാണ് തിരിച്ചുവരവിന് അരങ്ങൊരുക്കിയത്.

113 റണ്‍സാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയത്. 72 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വേ റണ്ണൗട്ട് രൂപത്തില്‍ പുറത്തായ ശേഷം ജെയിംസ് നീഷത്തിനൊപ്പം(30) ലാഥം 76 റണ്‍സ് നേടി. ന്യൂസിലാണ്ടിന് വിജയം 29 റണ്‍സ് അകലെയുള്ളപ്പോള്‍ മുസ്തഫിസുര്‍ ആണ് നീഷത്തിനെ പുറത്താക്കിയത്. നേരത്തെ ഗപ്ടിലിന്റെ വിക്കറ്റും മുസ്തഫിസുര്‍ ആണ് വീഴ്ത്തിയത്.

വിജയ സമയത്ത് ടോം ലാഥം 110 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മഹേദി ഹസനും രണ്ട് വിക്കറ്റ് നേടി.

Advertisement