അജാസ് പട്ടേലിനു പകരം ടോഡ് ആസ്ട്‍ലേ, ന്യൂസിലാണ്ട് ടെസ്റ്റ് സ്ക്വാഡ് അറിയാം

ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീം ന്യൂസിലാണ്ട് പ്രഖ്യാപിച്ചു. 13 അംഗ സംഘത്തില്‍ അജാസ് പട്ടേലിനു പകരം ടോഡ് ആസ്ട‍്‍ലേയെ ടീമിലെടുക്കുകയാണ് ന്യൂസിലാണ്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏറെക്കുറെ പൂര്‍ണ്ണമായും പരിക്ക് മൂലം പുറത്തിരുന്ന താരത്തെയാണ് യുഎഇയില്‍ പാക്കിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച അജാസിനു പകരം ടീമിലെത്തിച്ചിരിക്കുന്നത്.

ടീമില്‍ മികച്ച സ്പിന്നര്‍മാരുടെ ലഭ്യതയാണ് ഈ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നതെന്നാണ് ന്യൂസിലാണ്ട് സെലക്ടര്‍ ഗവിന്‍ ലാര്‍സെന്‍ പറഞ്ഞത്. യുഎഇയില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയ അജാസിനെ ഒഴിവാക്കിയത് കടുത്ത തീരുമാനമാണ് എന്നാല്‍ ഒരു റിസ്റ്റ് സ്പിന്നറായി ആസ്ട്‍ലേയെ ന്യൂസിലാണ്ട് സാഹചര്യങ്ങളില്‍ പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എന്നും ലാര്‍സന്‍ പറഞ്ഞു.

പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി 28നു ഹാമിള്‍ട്ടണില്‍ നടക്കും. പിന്നീടുള്ള ടെസ്റ്റുകള്‍ വെല്ലിംഗ്ടണിലും ക്രൈസ്റ്റ്ചര്‍ച്ചിലുമാണ് നടക്കുക.

ന്യൂസിലാണ്ട്: കെയിന്‍ വില്യംസണ്‍, ടോം ലാഥം, ജീത്ത് റാവല്‍, റോസ് ടെയിലര്‍, ഹെന്‍റി നിക്കോളസ്, ബിജെ വാട്‍ളിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടോഡ് ആസ്ട്‍ലേ, ടിം സൗത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്, മാറ്റഅ ഹെന്‍റി, വില്‍ യംഗ്.

Previous articleസെക്കൻഡ് ഡിവിഷൻ; കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം
Next article“11 റൊണാൾഡോയോ 11 മെസ്സിയോ ഇറങ്ങിയാൽ ഫുട്ബോൾ മത്സരം ജയിക്കില്ല”