തമീമിന്റെ തകര്‍പ്പന്‍ ശതകം, സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ഏകദിനത്തിലും ബംഗ്ലാദേശിന് വിജയം

Tamimiqbal

തമീം ഇക്ബാലിന്റെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന് ശേഷം നൂറുള്‍ ഹസന്റെ നിര്‍ണ്ണായക ഇന്നിംഗ്സ് കൂടിയായപ്പോള്‍ ബംഗ്ലാദേശിന് 5 വിക്കറ്റ് വിജയം. 298 റൺസ് നേടിയ സിംബാബ്‍വേയുടെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ 112 റൺസ് നേടിയപ്പോള്‍ ലിറ്റൺ ദാസ്(32), ഷാക്കിബ് അല്‍ ഹസന്‍(30), മുഹമ്മദ് മിഥുന്‍ (30) എന്നിവര്‍ക്കൊപ്പം നൂറുള്‍ ഹസന്‍ നേടിയ 45 റൺസാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

ഓപ്പണിംഗിൽ ലിറ്റൺ ദാസുമായി 88 റൺസ് കൂട്ടുകെട്ട് നേടിയ തമീം രണ്ടാം വിക്കറ്റിൽ ഷാക്കിബിനൊപ്പം 59 റൺസ് കൂടി നേടി. തമീം ഇക്ബാല്‍ പുറത്താകുമ്പോള്‍ 204/3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മഹമ്മുദുള്ളയെ തൊട്ടടുത്ത പന്തിൽ നഷ്ടമായ ബംഗ്ലദേശ് പൊടുന്നനേ പ്രതിരോധത്തിലായെങ്കിലും പിന്നീട് നൂറുളും മിഥുനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 64 റൺസ് നേടി വിജയത്തിന് അടുത്തേക്ക് ടീമിനെ എത്തിച്ചു.

മത്സരത്തിന്റെ 48ാം ഓവറിൽ അഫീഫ് ഹൊസൈന്‍ ലൂക്ക് ജോംഗ്വേയെ ഒരു സിക്സും ഫോറും പറത്തി കളി വേഗത്തിലവസാനിപ്പിക്കുകയായിരുന്നു. അഫിഫ് 17 പന്തിൽ 26 റൺസ് നേടി.