എലിമിനേറ്ററില്‍ വിജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സ് പുറത്ത്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എലിമിനേറ്ററില്‍ വിജയം കരസ്ഥമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സിനെതിരെ 5 വിക്കറ്റ് വിജയത്തോടെ മധുരൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. സഞ്ജയ് യാദവ് പുറത്താകാതെ 52 പന്തില്‍ നിന്ന് 77 റണ്‍സുമായി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കാഞ്ചി വീരന്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം അവസാന പന്തില്‍ മധുരൈ പാന്തേഴ്സ് മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ വിജയം. 64 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക് ആണ് മധുരൈയ്ക്ക് വേണ്ടി മികവ് പുലര്‍ത്തിയത്. പരാജയമേറ്റുവാങ്ങിയെങ്കിലും കാഞ്ചി വീരന്‍സിന്റെ സഞ്ജയ് യാദവ് ആണ് കളിയിലെ താരം.

അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന മധുരൈയ്ക്ക് വേണ്ടി അഭിഷേക് തന്‍വറും(7 പന്തില്‍ 15 റണ്‍സ്) ജഗദീഷന്‍ കൗശിക്കും(19 പന്തില്‍ 26 റണ്‍സ്) വിജയ ശില്പികളായി മാറുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണ്ണായകമായ 31 റണ്‍സാണ് നേടിയത്. ഷിജിത്ത് ചന്ദ്രന്‍ 21 റണ്‍സ് നേടി.

ആദ്യ ക്വാളിഫയറില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനോട് പരാജയപ്പെട്ടുവെങ്കിലും ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് ഇനി മധുരൈ പാന്തേഴ്സിനെതിരെ രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടുവാനുള്ള അവസരം ലഭിയ്ക്കും. വിജയികള്‍ ഓഗസ്റ്റ് 15ന് നടക്കുന്ന ഫൈനലില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ നേരിടും.