ആദ്യ ജയവുമായി തെലുഗു ടൈറ്റൻസ്, ബെംഗളൂരു ബുൾസിന് തോൽവി

വിവോ പ്രോ കബഡീ ലീഗിൽ ആദ്യ ജയവുമായി തെലുഗു ടൈറ്റൻസ്. കരുത്തരായ ഗുജറാത്ത് ഫോർച്യൂൺ ജയന്റ്സിനെയാണ് തെലുഗു ടൈറ്റൻസ് പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ബുൾസിനെ ഹരിയാന സ്റ്റീലേഴ്സ് മലർത്തിയടിച്ചു.

30-24 എന്ന സ്കോറിനാണ് ഗുജറാത്ത് ഫോർച്യൂൺജയന്റ്സ് പരാജയപ്പെട്ടത്. തെലുഗു ടൈറ്റൻസിന് ഈ 7 ആം സീസണിലെ ആദ്യ ജയമാണെങ്കിൽ ഗുജറാത്തിന് തുടർച്ചയായ നാലാം പരാജയമാണിത്. 16 ടാക്കിൾ പോയന്റുമായുള്ള തെലുഗു ടൈറ്റൻസിന്റെ സോളിഡ് പ്രകടനമാണ് അവരെ ജയത്തിലേക്ക് നയിച്ചത്. ആദ്യ പകുതിയിൽ തന്നെ 17-13 ലീഡ് ടൈറ്റൻസ് സ്വന്തമാക്കിയിരുന്നു. വിശാൽ ഭരദ്വാജും ദേശായി ബ്രദേഴ്സും ടൈറ്റൻസിനായി മികച്ച് നിന്നു.

വികാഷ് ഖണ്ഡോലയുടെ വെടിക്കെട്ട് പ്രകടനമാണ് ഹരിയാന സ്റ്റീലേഴ്സിനെ ജയത്തിലേക്ക് നയിച്ചത്. വമ്പൻ തിരിച്ച് വരവ് നടത്തിയാണവർ ബെംഗളൂരു ബുൾസിനെ പരാജയപ്പെടുത്തിയത്. 33-30 എന്ന സ്കോറിനാണ് ബെംഗളൂരു ബുൾസിന്റെ പരാജയം. നിലവിൽ പോയന്റ് നിലയിൽ രണ്ടാമതാണ് ബെംഗളൂരു ബുൾസ്.