ഈ ഫോര്‍മാറ്റ് സൂര്യയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് – രോഹിത് ശര്‍മ്മ

Suryakumaryadav

സൂര്യകുമാര്‍ യാദവിന് ഏറ്റവും ഇഷ്ടമുള്ള ഫോര്‍മാറ്റാണ് ടി20 ക്രിക്കറ്റ് എന്നും താരത്തിന്റെ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്നിംഗ്സ് നയനാന്ദകരമായ ഒന്നാണെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. താന്‍ ഇപ്പോള്‍ ഏറെ കാലമായി അടുത്ത് നിന്ന് താരത്തിന്റെ ഇത്തരം ഇന്നിംഗ്സുകള്‍ കാണുന്നുണ്ടെന്ന് രോഹിത് ശര്‍മ്മ തന്റെ മുംബൈ ഇന്ത്യന്‍സ് സഹതാരത്തെക്കുറിച്ച് പറഞ്ഞു.

ഇന്ത്യ ഇന്നലെ 17 റൺസ് തോൽവിയേറ്റ് വാങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സ് വേറിട്ടൊരു അനുഭവം തന്നെയായിരുന്നു. ഇന്ത്യ 13/2 എന്ന നിലയിലുള്ളപ്പോള്‍ ക്രീസിലെത്തിയ താരത്തിന് ടീം 31/3 എന്ന നിലയിലേക്ക് വീഴുന്നത് കാണേണ്ടി വന്നു.

അവിടെ നിന്ന് ശക്തമായ തിരിച്ചുവരവാണ് സൂര്യകമാര്‍ ഇന്ത്യയ്ക്കായി നടത്തിയത്. 55 പന്തിൽ 14 ഫോറും 6 സിക്സും സഹിതം 117 റൺസ് നേടിയ താരം 19ാം ഓവറിലെ 5ാം പന്തിൽ പുറത്തായപ്പോളാണ് ഇന്ത്യയുടെ വിജയ സാധ്യത അവസാനിച്ചത്.

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നുവെങ്കില്‍ ടി20 കണ്ട ഏറ്റവും മികച്ചൊരു ഇന്നിംഗ്സും ചേസിംഗുമായി ഈ പ്രകടനത്തെ വാഴ്ത്തപ്പെടുമായിരുന്നു.