ക്രോസോവറിലും ഇന്ത്യയ്ക്ക് തോൽവി, സ്പെയിനിനോടേറ്റ പരാജയത്തോടെ ഇന്ത്യ ലോകകപ്പിന് പുറത്ത്

വനിത ഹോക്കി ലോകകപ്പിൽ നിന്ന് പുറത്തായി ഇന്ത്യ. ഇന്നലെ നടന്ന ക്രോസോവര്‍ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ബഹുഭൂരിപക്ഷം സമയവും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ലെങ്കിലും 56ാം മിനുട്ടിൽ സ്പെയിനിന്റെ മാര്‍ത്ത സെഗു ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത ഗോള്‍ നേടുകയായിരുന്നു.

വിജയത്തോടെ സ്പെയിന്‍ ക്വാര്‍ട്ടറിൽ കടന്നു. ക്വാര്‍ട്ടറിൽ ഓസ്ട്രേലിയ ആണ് സ്പെയിനിന്റെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോടും ചൈനയോടും സമനില ഏറ്റുവാങ്ങിയ ശേഷം മൂന്നാം മത്സരത്തിൽ ന്യൂസിലാണ്ടിനോട് 3-4 എന്ന സ്കോറിന് പിന്നിൽ പോയി.

ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായെങ്കിലും ഇന്ത്യയ്ക്ക് ക്രോസോവര്‍ മത്സരത്തിന് യോഗ്യത ലഭിയ്ക്കുകയായിരുന്നു.