ഹാട്രിക്കുള്‍പ്പെടെ നാല് വിക്കറ്റുമായി അമീര്‍ യമീന്‍, ജയം സ്വന്തമാക്കി ബംഗാള്‍ ടൈഗേഴ്സ്

- Advertisement -

ടി10 ലീഗിലെ മൂന്നാമത്തെ മത്സരത്തില്‍ 36 റണ്‍സ് വിജയം നേടി ബംഗാള്‍ ടൈഗേഴ്സ്. നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 10 ഓവറില്‍ നിന്ന് 130 റണ്‍സ് നേടിയ ടീം എതിരാളികളെ 94/7 എന്ന നിലയില്‍ എറിഞ്ഞ് പിടിയ്ക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് 130 റണ്‍സ് നേടിയത്. 15 റണ്‍സ് നേടിയ സുനില്‍ നരൈനേ ടീമിനു നഷ്ടമായെങ്കിലും 29 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 3 സിക്സും സഹിതം 60 റണ്‍സ് നേടിയ ജേസണ്‍ റോയിയും 21 പന്തില്‍ നിന്ന് 47 റണ്‍സ് സ്വന്തമാക്കിയ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡുമാണ് ബംഗാള്‍ ടൈഗേഴ്സിനായി തിളങ്ങിയത്.

നോര്‍ത്തേണ്‍ വാരിയേഴ്സിനായി 44 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ് മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. ഡ്വെയിന്‍ സ്മിത്ത്(18), നിക്കോളസ് പൂരന്‍(14) എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും വേഗത്തില്‍ പുറത്തായത് ടീമിനു തിരിച്ചടിയായി. ടൈഗേഴ്സിനു വേണ്ടി അമീര്‍ യമീന്‍ 2 ഓവറില്‍ 4 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടി. സുനില്‍ നരൈന് രണ്ട് വിക്കറ്റ് ലഭിച്ചു.

Advertisement