4 ഓവറില്‍ വിജയം കുറിച്ച് രാജ്പുത്‍സ്, 16 പന്തില്‍ 74 റണ്‍സുമായി മുഹമ്മദ് ഷെഹ്സാദ്

Sports Correspondent

ടി10 ലീഗിന്റെ രണ്ടാം സീസണിനു ആവേശകരമായ തുടക്കം. ഷെയിന്‍ വാട്സന്റെ ബാറ്റിംഗ് മികവില്‍ 10 ഓവറില്‍ നിന്ന് 94 റണ്‍സ് നേടിയ സിന്ധീസിന്റെ സ്കോര്‍ വെറും നാലോവറില്‍ മറികടന്ന് രാജ്പുത്‍സ് തങ്ങളുടെ ടൂര്‍ണ്ണമെന്റിന്റെ തുടക്കം ആവേശകരമാക്കി മാറ്റുകയായിരുന്നു. 16 പന്തില്‍ നിന്ന് 74 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഷെഹ്സാദും 8 പന്തില്‍ 21 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലവുമാണ് ടീമിനെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

12 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഷെഹ്സാദ് തന്റെ അടുത്ത നാല് പന്തില്‍ നിന്ന് ബൗണ്ടറികള്‍ മാത്രം നേടിയാണ് 74 റണ്‍സിലേക്കും ടീമിനെ വിജയത്തിലേക്കും നയിച്ചത്. 6 ഫോറും 8 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ ഷെഹ്സാദ് നേടിയത്. 462.50 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും രണ്ടക്കം കടക്കാതെ പോയത് ടീമിനു തിരിച്ചടിയായി. 20 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും സഹിതം 42 റണ്‍സാണ് വാട്സണ്‍ നേടിയത്. ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് രണ്ട് വിക്കറ്റ് നേടി രാജ്പുത്‍സിനായി തിളങ്ങി.