ബാറ്റിംഗ് തകര്‍ന്നു, വിഷ്ണു വിനോദിന്റെ അര്‍ദ്ധ ശതകം വിഫലം, റെയില്‍വേസിനെതിരെ കേരളത്തിന് 6 റൺസ് തോല്‍വി

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ റെയിൽവേസിനെതിരെ കേരളത്തിന് തോൽവി. ഇന്ന് ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിനെതിരെ 20 ഓവറിൽ 144/6 എന്ന സ്കോറാണ് റെയിൽവേസ് നേടിയത്.

39 റൺസുമായി പുറത്താകാതെ നിന്ന ഉപേന്ദ്ര യാദവ് ടോപ് സ്കോറര്‍ ആയപ്പോള്‍ പ്രഥം സിംഗ്(22), ശിവം ചൗധരി(22) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനായി മിഥുന്‍ മൂന്ന് വിക്കറ്റ് നേടി.

കേരളത്തിന്റെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ടീം 24/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റോബിന്‍ ഉത്തപ്പയുടെ അഭാവവും കേരള ടോപ് ഓര്‍ഡറിനെ ബാധിച്ചു.

പിന്നീട് വിഷ്ണു വിനോദിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കേരളത്തിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. 62 റൺസാണ് 43 പന്തിൽ നിന്ന് വിഷ്ണു നേടിയത്. സച്ചിന്‍ ബേബി 25 റൺസ് നേടി.

അവസാന രണ്ടോവറിൽ 30 റൺസ് വീണ്ടിയിരുന്ന കേരളത്തിനായി വിഷ്ണുവും മനുവും ചേര്‍ന്ന് 23 റൺസ് നേടിയെങ്കിലും റെയില്‍വേസിന്റെ സ്കോറിന് 6 റൺസ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു. 10 പന്തിൽ 21 റൺസ് നേടി മനു കൃഷ്ണനും മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്.

കേരളത്തിന് 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ചേസിംഗിൽ നേടാനായത്.