അവസാന പന്തിൽ സിക്സര്‍ നേടി ഷാരൂഖ് ഖാന്‍, സയ്യദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി തമിഴ്നാട്

Shahrukhkhan

കര്‍ണ്ണാടകത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടി സയ്യദ് മുഷ്താഖ് അലി ട്രോഫി നേടി തമിഴ്നാട്. അവസാന പന്തിൽ വിജയത്തിനായി 5 റൺസ് നേടേണ്ട ഘട്ടത്തിൽ പ്രതീക് ജെയിന്‍ എറിഞ്ഞ ഓവറിന്റെയും ഇന്നിംഗ്സിലെയും അവസാന പന്തിൽ സിക്സര്‍ പായിച്ച് ഷാരൂഖ് ഖാന്‍ ആണ് തമിഴ്നാടിന് കിരീടം നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 151 റൺസാണ് നേടിയത്. അഭിനവ് മനോഹര്‍(46), പ്രവീൺ ഡുബേ(33) എന്നിവരാണ് കര്‍ണ്ണാടക ബാറ്റിംഗിൽ തിളങ്ങിയത്. തമിഴ്നാടിനായി സായി കിഷോര്‍ മൂന്ന് വിക്കറ്റ് നേടി.

15 പന്തിൽ പുറത്താകാതെ 33 റൺസ് നേടിയ ഷാരൂഖ് ഖാന്‍ ആണ് ടീമിന്റെ വിജയ ശില്പി. എന്‍ ജഗദീഷന്‍(41), ഹരി നിശാന്ത്(12 പന്തിൽ 23) എന്നിവരാണ് മറ്റു നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തിയത്.

16 ഓവര്‍ പിന്നിടുമ്പോള്‍ 97/4 എന്ന നിലയിലായിരുന്ന തമിഴ്നാടിനായി ഷാരൂഖ് ഖാന്‍ കളി മാറ്റിയത് 17ാം ഓവര്‍ മുതലാണ്. താരം ഒരു വശത്ത് കൂറ്റന്‍ ഷോട്ടുകളുതിര്‍ത്തപ്പോളും മറുവശത്ത് കര്‍ണ്ണാടക ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടുന്നുണ്ടായിരുന്നു.

മൂന്നോവറിൽ 36 എന്ന നിലയിൽ നിന്ന് അവസാന ഓവറിൽ 16 എന്ന നിലയിലേക്കും പിന്നീട് അവസാന പന്തിൽ 5 റൺസെന്ന നിലയിലേക്കും മത്സരം മാറിയപ്പോള്‍ ഷാരൂഖാന്റെ ആ ഷോട്ടിൽ 2019ലെ കര്‍ണ്ണാടകയോടേറ്റ 1 റൺസ് തോല്‍വിയ്ക്ക് മധുര പ്രതികാരം നടത്തുവാന്‍ തമിഴ്നാടിനായി.

Previous articleഭേദപ്പെട്ട തുടക്കത്തിന് ശേഷം താളം തെറ്റി ബംഗ്ലാദേശ് ബാറ്റിംഗ്
Next articleഗാരത് സൗത്ത്ഗേറ്റിന് ഇംഗ്ലണ്ടിൽ പുതിയ കരാർ