കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ, മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെഎം ആസിഫും

Sports Correspondent

കേരളത്തിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് നേടി മുംബൈ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സര്‍ഫ്രാസും ശിവം ഡുബേയും മികവ് പുലര്‍ത്തിയപ്പോള്‍ മുംബൈ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 7 വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.

യശസ്വി ജൈസ്വാലും ആദിത്യ താരെയും ചേര്‍ന്ന് 88 റണ്‍സാണ് 9.5 ഓവറില്‍ മുംബൈയ്ക്കായി നേടിയത്. 42 റണ്‍സ് നേടിയ ആദിത്യ താരെയെ ജലജ് സക്സേന പുറത്താക്കിയപ്പോളാണ് കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ ലഭിച്ചത്. അധികം വൈകുന്നതിന് മുമ്പ് 40 റണ്‍സ് നേടിയ ജൈസ്വാലിനെ മുംബൈയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 101 റണ്‍സാണ് നേടിയത്. നിധീഷിനായിരുന്നു വിക്കറ്റ്.

അതിന് ശേഷം സൂര്യകുമാര്‍ യാദവും സിദ്ധേഷ് ലാഡും ചേര്‍ന്ന് 49 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. 21 റണ്‍സ് നേടിയ ലാഡിനെ പുറത്താക്കി ജലജ് സക്സേന തന്റെ രണ്ടാം വിക്കറ്റ് നേടി. അതേ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവിനെയും(38) പുറത്താക്കി ജലജ് സക്സേന മുംബൈയുടെ കുതിപ്പിന് തടയിട്ടു.

അവസാന ഓവറുകളില്‍ സര്‍ഫ്രാസ് ഖാനും ശിവം ഡുബേയും കേരള ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ചപ്പോള്‍ മുംബൈ ഇരുനൂറും കടന്ന് മുന്നോട്ട് പോകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി കെഎം ആസിഫ് മുംബൈയെ 196 റണ്‍സില്‍ ഒതുക്കി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 43 റണ്‍സാണ് നേടിയത്.

ശിവം ഡുബേ 13 പന്തില്‍ 26 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 9 പന്തില്‍ 17 റണ്‍സുമാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ സര്‍ഫ്രാസിനെയും ശിവം ഡുബേയെയും ആസിഫ് പുറത്താക്കിയെങ്കിലും താരത്തിന് ഹാട്രിക് നേടാനായില്ല. അവസാന പന്തില്‍ അഥര്‍വ്വയുടെ വിക്കറ്റ് വീഴ്ത്തി താരം തന്റെ മൂന്ന് വിക്കറ്റ് നേട്ടം തികച്ചു.