സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിയ്ക്കെതിരെ വിജയവുമായി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പുതുച്ചേരിയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി കേരളം. ഇന്ന് മുംബൈയില്‍ നടന്ന എലൈറ്റ് ഗ്രൂപ്പ് ഇ മത്സരത്തില്‍ ടോസ് നേടിയ പുതുച്ചേരി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടിയപ്പോള്‍ കേരളം ലക്ഷ്യം 18.2 ഓവറില്‍ മറികടന്നു.

കേരളത്തിനായി ജലജ് സക്സേന മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഏറെ കാലത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശ്രീശാന്തിന് ഒരു വിക്കറ്റ് ലഭിച്ചു. 4 ഓവറില്‍ 29 റണ്‍സാണ് മുന്‍ ഇന്ത്യന്‍ താരം വഴങ്ങിയത്. കെഎം ആസിഫിനും ഒരു വിക്കറ്റ് ലഭിച്ചു. പുതുച്ചേരി നിരയില്‍ പുറത്താകാതെ 33 റണ്‍സ് നേടിയ ആസിത് ആണ് ടോപ് സ്കോറര്‍. പികെ ഡോഗ്ര 26 റണ്‍സ് നേടി. താമരൈകണ്ണന്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സാഗര്‍ ത്രിവേദി 14 റണ്‍സ് നേടി.

കേരളത്തിനായി സഞ്ജു സാംസണ്‍ ആണ് ടോപ് സ്കോറര്‍. 32 റണ്‍സ് നേടുവാന്‍ സഞ്ജുവിനായപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 18 പന്തില്‍ 30 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പ 12 പന്തില്‍ 21 റണ്‍സ് നേടി. ഉത്തപ്പയും അസ്ഹറുദ്ദീനും ചേര്‍ന്ന് കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 52 റണ്‍സ് നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്തത് അസ്ഹറുദ്ദീനെ പുറത്താക്കി സാഗര്‍ ആയിരുന്നു. അടുത്ത ഓവറില്‍ തന്നെ റോബിന്‍ ഉത്തപ്പയെയും കേരളത്തിന് നഷ്ടമായെങ്കിലും സച്ചിന്‍ ബേബിയും(18) സഞ്ജുവും ചേര്‍ന്ന് 53 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി കേരളത്തെ വിജയത്തിനോടടുത്തെത്തിച്ചു.

റോബിന്റെയും സച്ചിന്റെയും സഞ്ജുവിന്റെയും വിക്കറ്റ് വീഴ്ത്തിയത് ആസിത് ആയിരുന്നു. അതിന് ശേഷം സല്‍മാന്‍ നിസാറും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നിസാര്‍ 20 റണ്‍സും വിഷ്ണു വിനോദ് 11 റണ്‍സും നേടിയാണ് കേരളത്തിന്റെ വിജയം ഉറപ്പാക്കിയത്.