ഇന്ത്യന്‍ ടി20കള്‍ക്ക് സ്റ്റെയിന്‍ തയ്യാറല്ല, കാരണം വ്യക്തമാക്കി ബോര്‍ഡ്

ഇന്ത്യയ്ക്കെതിരെയുള്ള ടി20 മത്സരങ്ങള്‍ക്കായി ഡെയില്‍ സ്റ്റെയിന്‍ തയ്യാറല്ലെന്ന് അറിയിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. താരം മെഡിക്കലി ഫിറ്റല്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിച്ചത്. അടുത്തിടെ ടെസ്റ്റില്‍ നിന്ന് വിരമിച്ച ഡെയില്‍ സ്റ്റെയിന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുവാന്‍ വേണ്ടിയാണ് ഇത് ചെയ്തതെങ്കിലും താരത്തിനെ ഇന്ത്യയ്ക്കെതിരെയുള്ള ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ധര്‍മ്മശാല, മൊഹാലി, ബെംഗളൂരു എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന ടി20 മത്സരങ്ങളില്‍ താന്‍ പങ്കെടുക്കുവാന്‍ തയ്യാറായിരുന്നുവെന്ന് സ്റ്റെയിന്‍ പിന്നീട് ട്വിറ്ററിലൂടെ സൂചിപ്പിച്ചുവെങ്കിലും ബോര്‍ഡ് വ്യക്തമാക്കുന്നത് താരം മെഡിക്കലി തയ്യാറായിരുന്നില്ലെന്നാണ്.

ഐപിഎല്‍ 2019ല്‍ മത്സരിക്കുന്നതിനിടെ പരിക്കേറ്റ സ്റ്റെയിന്‍ പിന്നീട് ലോകകപ്പ് ടീമില്‍ നിന്നും പുറത്ത് പോകുകയായിരുന്നു. ആ പരിക്ക് ഇതുവരെ മാറിയിട്ടില്ലെന്നാണ് ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ പറയുന്നത്.

Previous articleനൈറ്റ് റൈയ്‌ഡേഴ്സിനെ ഇനി മക്കല്ലം പരിശീലിപ്പിക്കും
Next articleസണ്ടർലാണ്ടിന്റെ സ്വന്തം ലീ കാട്ടെർമോൾ ഇനി ഡച്ച് ക്ലബിൽ