ഡേവിഡ് വാര്‍ണര്‍ക്ക് ശതകം നഷ്ടം, ആവേശപോരിൽ പരമ്പര സ്വന്തമാക്കി ശ്രീലങ്ക

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കെതിരെ നാലാം ഏകദിനത്തിൽ ആവേശകരമായ 4 റൺസ് വിജയം നേടി ആതിഥേയരായ ശ്രീലങ്ക. അവസാന ഓവറിൽ 19 റൺസ് വേണ്ടപ്പോള്‍ ഓസ്ട്രേലിയ 14 റൺസാണ് നേടിയത്. ജയത്തോടെ പരമ്പര 3-1ന് ശ്രീലങ്ക സ്വന്തമാക്കി. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക എറിഞ്ഞ ഓവറിൽ മൂന്ന് ബൗണ്ടറി നേടി മാത്യു കുഹ്നേമന്‍(15) ലക്ഷ്യം അവസാന പന്തിൽ 5 റൺസാക്കി മാറ്റിയെങ്കിലും അവസാന പന്തിൽ താരം പുറത്തായതോടെ ചരിത്ര വിജയം നേടുവാന്‍ ശ്രീലങ്കയ്ക്കായി. 40 വര്‍ഷത്തിലാദ്യമായാണ് ശ്രീലങ്ക ഓസ്ട്രേലിയയെ നാട്ടിൽ നടക്കുന്ന ഒരു ഏകദിന പരമ്പരയിൽ പരാജയപ്പെടുത്തുന്നത്.

Davidwarner

ഡേവിഡ് വാര്‍ണര്‍ 99 റൺസ് നേടി ടോപ് ഓര്‍ഡറിൽ പൊരുതിയെങ്കിലും താരത്തിന് ശതകം നഷ്ടമായപ്പോള്‍ ഓസ്ട്രേലിയയ്ക്ക് വിജയം കൂടിയാണ് കൈവിടേണ്ടി വന്നത്. 259 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ 254 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഒരു ഘട്ടത്തിൽ 189/4 എന്ന നിലയിൽ ഓസ്ട്രേലിയ ശക്തമായി മുന്നേറിയപ്പോള്‍ പൊടുന്നനെയാണ് ടീം 192/7 എന്ന നിലയിലേക്ക് വീണത്. അവിടെ നിന്ന് പാറ്റ് കമ്മിന്‍സ് ആണ് ടീമിനെ മുന്നോട്ട് നയിച്ചത്.

മത്സരത്തിൽ ഓസ്ട്രേലിയന്‍ പ്രതീക്ഷയുമായി പാറ്റ് കമ്മിന്‍സ് ബാറ്റ് വീശിയപ്പോള്‍ 7 പന്ത് അവശേഷിക്കെ താരത്തെ പുറത്താക്കി കരുണാരത്നേ ഓസ്ട്രേലിയയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു. 35 റൺസായിരുന്നു പാറ്റ് കമ്മിന്‍സ് നേടിയത്. അവസാന ഓവറിൽ 19 റൺസ് വേണ്ട നിലയിൽ നിന്ന് അവസാന പന്ത് വരെ പൊരുതിയ ശേഷം ആയിരുന്നു ഓസ്ട്രേലിയന്‍ മോഹങ്ങള്‍ പൊലിഞ്ഞത്.

Charithasalanka

110 റൺസ് നേടിയ ചരിത് അസലങ്കയുടെ ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക 258 റൺസ് നേടിയത്. 34/3 എന്ന നിലയിലേക്ക് വീണ ടീമിനെ ധനന്‍ജയ ഡി സിൽവ(60) , ചരിത് അസലങ്ക കൂട്ടുകെട്ട് 101 റൺസ് നേടി മുന്നോട്ട് നയിച്ചു. വനിന്‍ഡു ഹസരംഗ പുറത്താകാതെ 21 റൺസ് നേടി.

ഓസ്ട്രേലിയയ്ക്കായി മാത്യൂ കുഹ്നേമന്‍, പാറ്റ് കമ്മിന്‍സ്, മിച്ചൽ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.