സൗത്തിയുടെ സ്പെല്ലില്‍ തകര്‍ന്ന് ബംഗ്ലാദേശ്, പൊരുതി നോക്കിയത് സബ്ബിര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും മാത്രം

- Advertisement -

ഡുണേഡിനിന്‍ ഏകദിനത്തില്‍ 88 റണ്‍സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിനു 242 റണ്‍സ് മാത്രമേ നേടാനായുള്ളു. 47.2 ഓവറില്‍  ടീം ഓള്‍ഔട്ടായപ്പോള്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 88 റണ്‍സിന്റെ വിജയം ആതിഥേയര്‍ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി റോസ് ടെയിലര്‍ 69 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ഹെന്‍റി നിക്കോളസ്(64), ടോം ലാഥം(59) എന്നിവര്‍ക്കൊപ്പം ജെയിംസ് നീഷവും കോളിന്‍ ഡി ഗ്രാന്‍ഡോമും അടിച്ച് തകര്‍ത്തപ്പോള്‍ ന്യൂസിലാണ്ട് അനായാസം മുന്നൂറ് കടക്കുകയായിരുന്നു. 37 വീതം റണ്‍സാണ് നീഷവും ഗ്രാന്‍ഡോമും നേടിയത്. ഗ്രാന്‍ഡോം 15 പന്ത് നേരിട്ട് പുറത്താകാതെ നിന്നു. മിച്ചല്‍ സാന്റനര്‍ 9 പന്തില്‍ നിന്ന് പുറത്താകാതെ 16 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ടോപ് ഓര്‍ഡറിനെ ടിം സൗത്തി തകര്‍ത്തെറിയുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ തമീം ഇക്ബാലിനെയും സൗമ്യ സര്‍ക്കാരിനെയും പുറത്താക്കിയ സൗത്തി തന്റെ അടുത്ത ഓവറില്‍ ലിറ്റണ്‍ ദാസിനെയും മടക്കി. തകര്‍ച്ചയില്‍ നിന്ന് മുഹമ്മദ് സൈഫുദ്ദീനും സബ്ബിര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശിനെ രക്ഷിക്കുവാന്‍ ശ്രമങ്ങള്‍ നടത്തിയത്. മെഹ്ദി ഹസനും 37 റണ്‍സുമായി പൊരുതി നോക്കി.

സബ്ബിര്‍ റഹ്മാന്‍ തന്റെ ശതകം പൂര്‍ത്തിയാക്കി 102 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍ 44 റണ്‍സ് നേടി പുറത്തായി. ന്യൂസിലാണ്ടിനു വേണ്ടി സൗത്തി ആറും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റാണ് നേടിയത്.

Advertisement