ഡികോക്ക് വെടിക്കെട്ടിനു ശേഷം മഴ, 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തോല്‍വി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡര്‍ബനിലെ കിംഗ്സ്മെയിഡ് സ്റ്റേഡിയത്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം വില്ലനായി മഴയെത്തിയപ്പോള്‍ 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ ലങ്കയ്ക്ക് തോല്‍വി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ശ്രീലങ്ക മൂന്നാം ഏകദിനവും പരാജയപ്പെട്ടതോടെ പരമ്പര കൈവിടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 331/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്കയുടെ ബാറ്റിംഗ് തുടങ്ങി മഴ വില്ലനായി എത്തുകയായിരുന്നു. പിന്നീട് 24 ഓവറില്‍ 193 റണ്‍സായി ലക്ഷ്യം പുനര്‍നിശ്ചയിച്ചുവെങ്കിലും ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സേ നേടാനായുള്ളു. 71 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.

108 പന്തില്‍ നിന്ന് 121 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനൊപ്പം റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(50), ഡേവിഡ് മില്ലര്‍(41*), ഡ്വെയിന്‍ പ്രിട്ടോറിയസ്(31), ആന്‍ഡിലെ ഫെഹ്ലുക്വായോ(15 പന്തില്‍ 38*) എന്നിവരുടെ കസറിയപ്പോള്‍ ദക്ഷിണാഫ്രിക്ക 331 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടി. ലങ്കയ്ക്കായി ഇസ്രു ഉഡാന രണ്ട് വിക്കറ്റ് നേടി.

മഴയ്ക്ക് ശേഷം ലങ്കയ്ക്ക് 8 ഓവറില്‍ നിന്ന് വിജയിക്കുവാന്‍ 118 എന്ന ശ്രമകരമായ ദൗത്യമായിരുന്നു ഉണ്ടായിരുന്നത്. 16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 75/2 എന്ന നിലയിലായിരുന്നു ലങ്ക. 25 റണ്‍സുമായി ഒഷാഡ ഫെര്‍ണാണ്ടോയും 19 റണ്‍സുമായി കുശല്‍ മെന്‍ഡിസുമായിരുന്നു ക്രീസില്‍. പിന്നീട് കളി പുനരാരംഭിച്ച് ആദ്യ പന്തില്‍ തന്നെ തബ്രൈസ് ഷംസി ഒഷാഡയെ പുറത്താക്കി. കുശല്‍ മെന്‍ഡിസ് 31 പന്തില്‍ നിന്ന് 41 റണ്‍സ് നേടി താഹിറിനു വിക്കറ്റ് നല്‍കി മടങ്ങിയതോടെ ലങ്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

24 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സില്‍ ലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 71 റണ്‍സ് വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇമ്രാന്‍ താഹിര്‍ തന്റെ 5 ഓവറില്‍ 19 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് വീഴ്ത്തി.