ഡിക്ലറേഷന്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ശ്രീലങ്ക, റിട്ടേര്‍ഡ് ഹര്‍ട്ടായി ദിമുത് കരുണാരത്നേ

384/4 എന്ന രണ്ടാം ദിവസത്തെ സ്കോറിന്റെ തുടര്‍ച്ചയായി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്കായി കര്‍ട്ടിസ് പാറ്റേര്‍സണും ശതകം നേടിയപ്പോള്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഓസ്ട്രേലിയ. തലേ ദിവസം ട്രാവിസ് ഹെഡും ജോ ബേണ്‍സും ശതകം നേടിയപ്പോള്‍ ഇന്നിംഗ്സില്‍ ശതകം നേടുന്ന മൂന്നാമത്തെ താരമായി പാറ്റേര്‍സണ്‍. 114 റണ്‍സ് നേടി പുറത്താകാതെ നിന്ന താരവും 45 റണ്‍സുമായി ടിം പെയിനും ഓസ്ട്രേലിയയെ 5 വിക്കറ്റ് നഷ്ടത്തില്‍ 534 റണ്‍സിലെത്തിച്ച ശേഷം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 180 റണ്‍സ് നേടിയ ജോ ബേണ്‍സിന്റെ വിക്കറ്റ് മാത്രമാണ് ലങ്കയ്ക്ക് രണ്ടാം ദിവസം നേടാനായത്. കസുന്‍ രജിതയ്ക്കായിരുന്നു വിക്കറ്റ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക കരുത്താര്‍ന്ന മറുപടി നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുടരെ നഷ്ടമായി പ്രതിരോധത്തിലാകുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 90 റണ്‍സ് നേടിയ ശേഷം 41 റണ്‍സ് നേടിയ ലഹിരു തിരിമന്നെയെ ലങ്കയ്ക്ക് നഷ്ടമായി. നഥാന്‍ ലയണിനായിരുന്നു വിക്കറ്റ്. ദിമുത് കരുണാരത്നേ പരിക്കേറ്റ് പിന്മാറിയതോടെ ലങ്കയുടെ നില വീണ്ടും പരുങ്ങലിലായി. സ്റ്റാര്‍ക്ക് ചന്ദിമലിനെയും പാറ്റ് കമ്മിന്‍സ് കുശല്‍ മെന്‍ഡിസിനെയും പുറത്താക്കിയതോടെ ലങ്ക കൂടുതല്‍ പ്രതിരോധത്തിലായി.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 123/3 എന്ന നിലയിലാണ്. കുശല്‍ പെരേരയും(11*) ഒരു റണ്‍സ് നേടിയ ധനന്‍ജയ ഡി സില്‍വയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 411 റണ്‍സ് പിന്നിലായാണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്.