മടങ്ങി വരവില്‍ ഫോം കണ്ടെത്തി ഷോര്‍ട്ട്, പാക്കിസ്ഥാനു കൂറ്റന്‍ വിജയ ലക്ഷ്യം

- Advertisement -

ബിഗ് ബാഷില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ ശേഷം നിറം മങ്ങിപ്പോയ ഡാര്‍സി ഷോര്‍ട്ടില്‍ നിന്നും വീണ്ടുമൊരു തകര്‍പ്പന്‍ പ്രകടനം വന്നപ്പോള്‍ പാക്കിസ്ഥാനെതിരെ ടി20 പരമ്പര ഫൈനലില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 20 ഓവറില്‍ 183/8 എന്ന സ്കോറാണ് നേടിയത്.

ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും ഒന്നാം വിക്കറ്റില്‍ 95 റണ്‍സ് നേടി വെടിക്കെട്ട് തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് നല്‍കിയത്. 27 പന്തില്‍ നിന്ന് 47 റണ്‍സ് നേടി ഫിഞ്ച് പുറത്താകുമ്പോള്‍ 9.5 ഓവറില്‍ 95 റണ്‍സ് ഓസ്ട്രേലിയ നേടിയിരുന്നു. പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു.

ഇതിനിടെ തന്റെ അര്‍ദ്ധ ശതകം നേടിയ ഷോര്‍ട്ട് 53 പന്തില്‍ നിന്ന് 76 റണ്‍സ് നേടി പുറത്തായി. 7 ബൗണ്ടറിയും 4 സിക്സുമാണ് താരം നേടിയത്. അവസാന ഓവറുകളില്‍ ട്രാവിസ് ഹെഡ് വെടിക്കെട്ട് ബാറ്റിംഗ്(19) പുറത്തെടുത്തുവെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ തിരിച്ചുവരവ് നടത്തിയതിനാല്‍ ഓസ്ട്രേലിയയുടെ 200നു മുകളിലുള്ള സ്കോര്‍ എന്ന മോഹം തകരുകയായിരുന്നു.

ട്രാവിസ് ഹെഡിന്റെ ഉള്‍പ്പെടെ അവസാന ഓവറില്‍ രണ്ട് നേടിയ മുഹമ്മദ് അമീര്‍ മത്സരത്തിലെ തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കിയപ്പോള്‍ ഷദബ് ഖാന്‍ രണ്ട് വിക്കറ്റ് നേടി.  ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഫഹീം അഷ്റഫ് എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement