ഇന്ത്യന്‍ പരമ്പരയില്‍ നിന്ന് ഷാക്കിബ് വിട്ട് നിന്നേക്കുമെന്ന് സൂചന

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ കളിച്ചേക്കില്ലെന്ന് സൂചന. ടി20-ടെസ്റ്റ് പരമ്പരയില്‍ നിന്ന് താരം വിട്ട് നില്‍ക്കുമെന്നാണ് അറിയുന്നത്. ബംഗ്ലാദേശ് ബോര്‍ഡിനെതിരെ താരങ്ങളുടെ സമരം നയിച്ച ശേഷം ഇന്ത്യന്‍ ടൂര്‍ ബഹിഷ്കരിക്കുമെന്ന് ഷാക്കിബിന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ അറിയിച്ചിരുന്നു. താരങ്ങളുടെ ഉപാധികള്‍ ബോര്‍ഡ് അംഗീകരിച്ചുവെങ്കിലും പിന്നീട് ഷാക്കിബിന്റെ ഒരു ടെലിക്കോം കമ്പനിയുമായുള്ള പരസ്യ കരാര്‍ നിയമവിരുദ്ധമാണെന്നും ബോര്‍ഡുമായുള്ള ഷാക്കിബിന്റെ കരാറിന് വിരുദ്ധമാണെന്നും ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് നാല് ദിവസത്തെ ക്യാമ്പില്‍ താരം ഒരു നെറ്റ് സെഷനില്‍ മാത്രമാണ് പങ്കെടുത്തത്. നവംബര്‍ 3നാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം അരങ്ങേറുന്നത്. ഷാക്കിബ് ഇല്ലാത്തപക്ഷം ബോര്‍ഡ് പുതിയ ടി20 സ്ക്വാഡിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നാണ് ടീം പ്രഖ്യാപനം നടക്കാനിരിക്കുന്നത്. ടെസ്റ്റ് ടീം ഈ ആഴ്ച അവസാനത്തോടെ മാത്രമേ പ്രഖ്യാപിക്കുകയുള്ളുവെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Advertisement