റീസ് ടോപ്ലേയ്ക്ക് സറേയില്‍ രണ്ട് വര്‍ഷത്തെ പുതിയ കരാര്‍

റീസ് ടോപ്ലേയ്ക്ക് പുതിയ വൈറ്റ് ബോള്‍ കരാര്‍ നല്‍കി സറേ. രണ്ട് വര്‍ഷത്തെ കരാറാണ് 25 വയസ്സുകാരന്‍ ഇടം കൈയ്യന്‍ പേസര്‍ക്ക് ടീം നല്‍കിയിരിക്കുന്നത്. പരിക്ക് സ്ഥിരമായി അലട്ടിയിരുന്ന താരം സസ്സെക്സിലൂടെ കഴിഞ്ഞ സീസണിലാണ് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ടി20 ബ്ലാസ്റ്റില്‍ 11 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റാണ് താരം നേടിയത്. സൗത്ത് ഗ്രൂപ്പില്‍ സസ്സെക്സ് ഒന്നാമതായപ്പോള്‍ ടോപ്ലേയുടെ പ്രകടനവും നിര്‍ണ്ണായക ഘടകമായി മാറി.

എന്നാല്‍ സസ്സെക്സ് നല്‍കിയ പുതിയ കരാര്‍ താരം നിരസിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വേറെ കൗണ്ടികള്‍ താരത്തിനായി രംഗത്തെത്തിയെങ്കിലും സറേയ്ക്കൊപ്പം പോകുവാനാണ് റീസ് തീരുമാനിച്ചത്. ദി ഹണ്ട്രഡില്‍ ഓവല്‍ ആസ്ഥാനമായ ഓവല്‍ ഇന്‍വിന്‍സിബിസ് താരത്തെ സ്വന്തമാക്കിയിരുന്നു.