ബംഗ്ലാദേശിന്റെ വിജയം ഉറപ്പാക്കി ഷാക്കിബ്

- Advertisement -

ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും അത്ര സുഖകരമല്ലാത്ത ബംഗ്ലാദേശിന്റെ ചേസിംഗിനെ മുന്നില്‍ നിന്ന് നയിച്ച് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. താരത്തിന്റെ ബാറ്റിംഗിലെ ഒറ്റയാള്‍ പ്രകടനത്തിലൂടെ 6 പന്ത് അവശേഷിക്കെ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെതിരെ 4 വിക്കറ്റ് ജയം കരസ്ഥമാക്കുകയായിരുന്നു. ഷാക്കിബ് അല്‍ ഹസന്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മുഷ്ഫിക്കുര്‍ റഹിം(26), മൊസ്ദേക്ക് ഹൊസൈന്‍(19*) എന്നിവര്‍ മാത്രമാണ് താരത്തിന് പിന്തുണ നല്‍കിയ മറ്റുള്ളവര്‍.

12/2 എന്ന നിലയില്‍ തുടക്കം പാളിയ ബംഗ്ലാദേശിനെ ഷാക്കിബ്-മുഷ്ഫിക്കുര്‍ കൂട്ടുകെട്ട് 58 റണ്‍സ് നേടി മുന്നോട്ട് നയിച്ചുെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ തിരിച്ചടിച്ചു. 104/6 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീണുവെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച് ഷാക്കിബ് ടീമിന്റെ വിജയം ഉറപ്പാക്കി. ഏഴാം വിക്കറ്റില്‍ 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയാണ് ഷാക്കിബ്-മൊസ്ദേക്ക് കൂട്ടുകെട്ട് വിജയം ഉറപ്പാക്കിയത്. മൊസ്ദേക്ക് 12 പന്തില്‍ നിന്ന് 19 റണ്‍സ് നേടി വിജയം കുറിച്ചു.

അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍-ഉള്‍-ഹക്ക്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Advertisement