ഏകദിന ടീമിലെത്തുവാന്‍ ഫിറ്റ്നെസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കും – ഷഫാലി വര്‍മ്മ

ഏകദിന ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ഫിറ്റ്നെസ്സിന്റെ കാര്യത്തിലായേക്കാമെന്ന് പറഞ്ഞ് ഇന്ത്യയുടെ ടി20യിലെ വെടിക്കെട്ട് ബാറ്റിംഗ് താരം ഷഫാലി വര്‍മ്മ. ടി20യിലെ ഒന്നാം നമ്പര്‍ റാങ്ക് വീണ്ടും സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു ഷഫാലി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ടി20യില്‍ താരം 30 പന്തില്‍ 60 റണ്‍സ് നേടി ഇന്ത്യയുടെ ആശ്വാസ ജയത്തിന്റെ ഭാഗമായി മാറിയിരുന്നു. പരമ്പരയിലെ താരമായി ഷഫാലിയെയാണ് തിരഞ്ഞെടുത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 130 റണ്‍സാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്.

താരത്തിന്റെ വെടിക്കെട്ട് തുടക്കങ്ങള്‍ ഇന്ത്യയ്ക്ക് ലോകകപ്പിലും ഏറെ ഗുണം ചെയ്തുവെങ്കിലും താരത്തെ ഇന്ത്യ 50 ഓവര്‍ ഫോര്‍മാറ്റില്‍ പരിഗണിക്കുന്നില്ല. അതിന് കാരണം തനിക്ക് എന്തോ കുറവുള്ളതിനാലാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്ന് ഷഫാലി പറഞ്ഞു.

തനിക്ക് വിഷമമുണ്ടായെങ്കിലും താന്‍ ഈ കാര്യത്തില്‍ അതീവ ദുഖിതയായിരുന്നില്ലെന്നും തനിക്ക് ഇനിയും മെച്ചപ്പെടുവാനുണ്ടെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും ഷഫാലി പറഞ്ഞു.