റയൽ മാഡ്രിഡ് – ലിവർപൂൾ ചാമ്പ്യൻസ് ലീഗ് പോരാട്ടം മാഡ്രിഡിൽ തന്നെ നടക്കും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത മാസം നടക്കുന്ന റയൽ മാഡ്രിഡ് – ലിവർപൂൾ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ ആദ്യ പാദം മാഡ്രിഡിൽ തന്നെ നടക്കുമെന്ന് അറിയിച്ച് സ്പാനിഷ് ഗവൺമെന്റ്. നേരത്തെ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് സ്പാനിഷ് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 30ന് ഒഴിവാക്കുമെന്ന് സ്പാനിഷ് സർക്കാർ പ്രഖ്യാപിച്ചതോടെയാണ് റയൽ മാഡ്രിഡ് – ലിവർപൂൾ മത്സരം മാഡ്രിഡിൽ തന്നെ നടക്കുമെന്ന് ഉറപ്പായത്. കഴിഞ്ഞ ഡിസംബറിലാണ് കോവിഡ് വൈറസിന്റെ പുതിയ രൂപം ബ്രിട്ടനിൽ കണ്ടതിനെ തുടർന്ന് ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് സ്പെയിൻ വിലക്ക് ഏർപ്പെടുത്തിയത്.

അതെ സമയം റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണാബ്യുവിന് പകരം റയൽ മാഡ്രിഡിന്റെ പരിശീലന ഗ്രൗണ്ടായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ ഗ്രൗണ്ടിലാവും മത്സരം നടക്കുക. നേരത്തെ ചാമ്പ്യൻസ് ലീഗിലെ അത്ലറ്റികോ മാഡ്രിഡ് ചെൽസി പോരാട്ടവും ലിവർപൂൾ ലെയ്പ്സിഗ് പോരാട്ടവും നിഷ്‌പക്ഷ വേദികളിലാണ് നടന്നത്. കൂടാതെ യൂറോപ്പ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് – റയൽ സോസിഡാഡ് മത്സരവും സ്പെയിനിന്‌ പുറത്തുള്ള വേദിയിലാണ് നടന്നത്. ബ്രിട്ടനിൽ നിന്നുള്ള യാത്രക്കുള്ള വിലക്ക് സ്പെയിൻ ഒഴിവാക്കുന്നതോടെ ഗ്രനാഡ – മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് മത്സരവും സ്പെയിനിൽ വെച്ച് തന്നെയാവും നടക്കുക.