ക്രെഡിറ്റ് സീനിയര്‍ താരങ്ങള്‍ക്ക്, മുജീബിന്റെ ബൗളിംഗ് പ്രകടനം പ്രശംസനീയം

വളരെ കടുത്ത സാഹചര്യങ്ങളില്‍ നിന്ന് പൊരുതി നേടിയ റണ്‍സുകള്‍ സംരക്ഷിക്കുവാന്‍ ടീമിനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് റഷീദ് ഖാന്‍. 40/4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീമിനെ തുണച്ചത് സീനിയര്‍ താരങ്ങളുടെ പ്രകടനമായിരുന്നു. സമ്മര്‍ദ്ദത്തെ തങ്ങളുടെ പരിചയ സമ്പത്ത് കൊണ്ട് മറികടന്ന പ്രകടനമാണ് മുഹമ്മദ് നബിയും അസ്ഗര്‍ അഫ്ഗാനും പുറത്തെടുത്തതെന്ന് അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ താരമാണ് മുജീബ് എന്നാല്‍ ഈ മത്സരത്തില്‍ ശരിയായ സ്ഥലങ്ങളില്‍ താരം പന്തെറിഞ്ഞതോടെ വിക്കറ്റുകള്‍ നേടുവാന്‍ താരത്തിന് സാധിച്ചുവെന്നും റഷീദ് പറഞ്ഞു. ടീം ഏതായാലും ജയം നല്ല കാര്യമാണെന്ന് റഷീദ് ഖാന്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരെ നാല് ജയങ്ങള്‍ എന്നത് വലിയ കാര്യമാണ്. നിരവധി താരങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുവാന്‍ എത്തിയെന്നും അവരോടെല്ലാം നന്ദി അറിയിക്കുന്നുവെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.