രക്ഷപ്പെട്ടത് വൈകിയത് കൊണ്ട് മാത്രം: മോമിനുള്‍ ഹക്ക്

ക്രൈസ്റ്റ്ചര്‍ച്ചിലെ വെടിവെയ്പില്‍ നിന്ന് തങ്ങള്‍ രക്ഷപ്പെട്ടത് വൈകിയത് കൊണ്ട് മാത്രമാണെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശിന്റെ മോമിനുള്‍ ഹക്ക്. 2 മണിയ്ക്ക് പരിശീലനമുള്ളതിനാല്‍ 1.30 പള്ളിയിലെത്തി പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുവാനായിരുന്നു തീരുമാനമെന്നും എന്നാല്‍ റിയാദ് മഹമ്മദുള്ളയുടെ പത്രസമ്മേളനം കാരണം തങ്ങള്‍ അവിടെയെത്തുവാന്‍ വൈകുകയായിരുന്നുവെന്ന് മോമിനുള്‍ ഹക്ക് പറഞ്ഞു.

ഡ്രെസ്സിംഗ് റൂമിലും അല്പ സമയം ഫുട്ബോള്‍ തങ്ങള്‍ കളിക്കുന്ന ശീലമുണ്ടെന്നും അതും വൈകുന്നതിനു കാരണമായി എന്ന് പറഞ്ഞു. തങ്ങള്‍ പള്ളിയിലെത്തുമ്പോള്‍ ഏവരും കമഴ്ന്ന് കിടക്കുന്നതാണ് കണ്ടത്. പള്ളിയില്‍ നിന്ന് പുറത്തേക്ക് ഓടി വന്ന ഒരു സ്ത്രീ അകത്തേക്ക് പോകരുതെന്ന് ഞങ്ങളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പുറത്ത് കാറിന്റെയുള്ളില്‍ നിന്ന് ഒരു സ്ത്രീയും ഉച്ചത്തില്‍ ഞങ്ങളോട് അകത്ത് വെടിവെയ്പ് നടക്കുകയാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് നമുക്ക് മനസ്സിലായതെന്നും മോമിനുള്‍ വ്യക്തമാക്കി.

അഞ്ച് മിനുട്ട് മുമ്പ് തങ്ങളവിടെ എത്തിയിരുന്നുവെങ്കില്‍ പള്ളിയ്ക്കകത്ത് തങ്ങള്‍ കടന്നേനെയെന്നും ചിലപ്പോള്‍ മരണപ്പെടുന്നവരില്‍ തങ്ങളും ഉണ്ടാകുമായിരുന്നുവെന്നും മോമിനുള്‍ പറഞ്ഞു. പള്ളിയില്‍ തങ്ങള്‍ സ്വാഭാവികമായും അവസാന നിരക്കാരായി ഇരുന്നേനെയെന്ന് പറഞ്ഞ മോമിനുള്‍ അക്രമി പുറകില്‍ നിന്നാണ് എത്തി നിറയൊഴിക്കുന്നത് ആരംഭിച്ചതെന്നത് കണക്കിലെടുക്കുമ്പോള്‍ തങ്ങള്‍ രക്ഷപ്പെടുവാന്‍ സാധ്യതയില്ലായിരുന്നുവെന്നും സമ്മതിച്ചു.

തലേന്ന് തീരുമാനിച്ചത് പള്ളിയില്‍ പോയി വന്ന് ഉച്ചഭക്ഷണം കഴിക്കാമെന്നായിരുന്നു. എന്നാല്‍ അതും എന്തോ കാരണവശാല്‍ നടക്കാതെ ഞങ്ങള്‍ ഉച്ച ഭക്ഷണം നേരത്തെ കഴിക്കുകയായിരുന്നു. ഇതെല്ലാം രക്ഷപ്പെടുവാനുള്ള ഒരു നിമിത്തം ആവുകയായിരുന്നുവെന്നും മോമിനുള്‍ ഹക്ക് പറഞ്ഞു.