സഞ്ജയ് ബംഗാറിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആക്കുവാന്‍ ബംഗ്ലാദേശ് ശ്രമം

- Advertisement -

മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറിനെ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിക്കുവാനുള്ള ശ്രമവുമായി ബംഗ്ലാദേശ് ബോര്‍ഡ്. ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിക്കുവാനുള്ള ശ്രമമാണ് ബോര്‍ഡ് നടത്തുന്നത്. ജൂണില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള നാട്ടിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് വേണ്ടിയാണ് ബംഗാറിനെ ടീമിലെത്തിക്കുവാനുള്ള ശ്രമം.

നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായ നീല്‍ മക്കിന്‍സിയെ ടെസ്റ്റിലേക്കും പരിഗണിക്കുവാന്‍ ബംഗ്ലാദേശ് ആഗ്രഹിച്ചുവെങ്കിലും മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാകുവാന്‍ താല്പര്യമില്ലെന്ന് മക്കിന്‍സി വ്യക്തമാക്കുകയായിരുന്നു.

ബംഗാറുമായി സംസാരിച്ചുവെങ്കിലും കാര്യങ്ങളൊന്നും തീരുമാനിച്ചില്ലെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് പ്രതിനിധി അറിയിച്ചത്. ഇരു കൂട്ടരും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ബംഗ്ലാദേശ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി.

നിലവില്‍ മക്കിന്‍സിയാണ് താത്കാലികമായി ടെസ്റ്റ് ടീമിന്റെയും ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നത്. പകരം ആളെത്തുന്നത് വരെ അത് തുടരുമെന്നും ചൗധരി വ്യക്തമാക്കി.

Advertisement