സല്‍മാന്‍ നിസാറിന് ശതകം കേരളത്തിന് ആന്ധ്രയ്ക്കെതിരെ മികച്ച വിജയം

അണ്ടര്‍ 23 പുരുഷ ഏകദിന ട്രോഫിയില്‍ മികച്ച വിജയവുമായി കേരളം. ആന്ധ്ര നല്‍കിയ 222 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നപ്പോള്‍ ശതകം നേടി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാറിന്റെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയം. സല്‍മാന്‍ നിസാര്‍ 146 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വത്സല്‍ ഗോവിന്ദ് 61 റണ്‍സ് നേടി. ആല്‍ബിന്‍ ഏലിയാസ് 24 റണ്‍സുമായി വിജയ സമയത്ത് സല്‍മാന്‍ നിസാറിനൊപ്പം നിലകൊണ്ടു. 48.1 ഓവറിലാണ് കേരളത്തിന്റെ വിജയം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്രയെ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് മാത്രം നേടുവാനെ കേരളം അനുവദിച്ചുള്ളു. കേരള ബൗളര്‍മാരില്‍ അതുല്‍ രവീന്ദ്രന്‍ രണ്ടും വത്സല്‍ ഗോവിന്ദ്, ആതിഫ് അഷ്റഫ്, വിശ്വേശര്‍ സുരേഷ്, അഖില്‍ സ്കറിയ തോമസ്, അഖില്‍ അനില്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

48 റണ്‍സ് നേടിയ കരണ്‍ ഷിന്‍ഡേ ആന്ധ്രയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ പുറത്താകാതെ 45 റണ്‍സുമായി അകൃതി പ്രശാന്ത് ആണ് ആന്ധ്രയുടെ സ്കോറിന് മാന്യത പകര്‍ന്നത്.