റസ്സല്‍ വെടിക്കെട്ടില്‍ വീണ് ലങ്ക, പരമ്പര സ്വന്തമാക്കി വിന്‍ഡീസ്

ശ്രീലങ്കയ്ക്കെതിരെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ആന്‍ഡ്രേ റസ്സല്‍ കത്തിക്കയറിയപ്പോള്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ശ്രീലങ്കയെ പരാജയപ്പടുത്തി പരമ്പര സ്വന്തമാക്കി വിന്‍ഡീസ്. 14 പന്തില്‍ 6 സിക്സുകളുടെ സഹായത്തോടെ പുറത്താകാതെ റസ്സല്‍ 40 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ കിംഗ്(21 പന്തില്‍ 43), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(43*) എന്നിവരാണ് ടീമിനായി തിളങ്ങിയ മറ്റു താരങ്ങള്‍. റോവ്മന്‍ പവല്‍ 17 റണ്‍സ് നേടി. ശ്രീലങ്ക ഒരുക്കി നല്‍കിയ 156 റണ്‍സെന്ന വിജയ ലക്ഷ്യം 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് മറികടന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി 31 റണ്‍സ് നേടി പുറത്താകാതെ നിന്ന ദസുന്‍ ഷനക ആണ് ടോപ് സ്കോറര്‍. ആഞ്ചലോ മാത്യൂസ് 23 റണ്‍സ് നേടിയപ്പോള്‍ 13 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ തിസാര പെരേരയുടെ പ്രകടനം ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിലേക്ക് നയിച്ചു. ഫാബിയന്‍ അല്ലെന്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് നേടി.

റസ്സലാണ് പരമ്പരയിലെ താരവും കളിയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ടി20യില്‍ റസ്സല്‍ 14 പന്തില്‍ നിന്ന് 35 റണ്‍സ് നേടി.