വിജയത്തോടെ മൊര്‍തസ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞു, ബംഗ്ലാദേശിന് 123 റണ്‍സ് വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലിറ്റണ്‍ ദാസും തമീം ഇക്ബാലും തങ്ങളുടെ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ ബലത്തില്‍ മഴ മൂലം 43 ഓവറായി ചുരുക്കപ്പെട്ട മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് 123 റണ്‍സ് വിജയം. ബംഗ്ലാദേശിന് വേണ്ടി ഒന്നാം വിക്കറ്റില്‍ 292 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ ലിറ്റണ്‍ ദാസ് ആണ് ആദ്യം പുറത്തായത്. 143 പന്തില്‍ നിന്ന് 176 റണ്‍സ് ദാസ് നേടിയപ്പോള്‍ തമീം ഇക്ബാല്‍ പുറത്താകാതെ 109 പന്തില്‍ നിന്ന് 128 റണ്‍സ് നേടി. സിംബാബ്‍വേയ്ക്കായി കാള്‍ മുംബ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ നിന്ന് 322 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

ചേസിംഗില്‍ 37.3 ഓവറില്‍ സിംബാബ്‍വേ 218 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 61 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടീമിന്റെ ടോപ് സ്കോറര്‍. വെസ്ലി മാധേവേരെ(42), റെഗിസ് ചാകാബ്‍വ(34), ഷോണ്‍ വില്യംസ്(30) എന്നിവരും പൊരുതി നോക്കിയെങ്കിലും കൂറ്റന്‍ സ്കോറിന് അടുത്ത് പോലും എത്തുവാന്‍ ആയില്ല.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീന്‍ നാലും തൈജുല്‍ ഇസ്ലാം രണ്ടും വിക്കറ്റാണ് നേടിയത്. ബംഗ്ലാദേശ് ക്യാപ്റ്റനായി തന്റെ അവസാന മത്സരത്തിന് ഇറങ്ങിയ മഷ്റഫെ മൊര്‍തസയ്ക്ക് വിജയത്തോടെ മടങ്ങാനായി എന്നതും ശ്രദ്ധേയമായ കാര്യമാണ്. താരത്തിന് മത്സരത്തില്‍ ഒരു വിക്കറ്റ് ലഭിച്ചു.