ന്യൂസിലാണ്ടിന് വിജയം, അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം കളിച്ച് റോസ് ടെയിലര്‍

നെതര്‍ലാണ്ട്സിനെതിരെ മൂന്നാം ഏകദിനത്തിൽ 115 റൺസ് വിജയം നേടി ന്യൂസിലാണ്ട് റോസ് ടെയിലറിന് യാത്രയയപ്പ് നല്‍കി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 333/8 എന്ന സ്കോറാണ് 50 ഓവറിൽ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സ 218 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ റോസ് ടെയിലര്‍ക്ക് 14 റൺസ് മാത്രമാണ് നേടാനായതെങ്കിലും വിൽ യംഗ്(120), മാര്‍ട്ടിന്‍ ഗപ്ടിൽ(106) എന്നിവരുടെ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ആര്യന്‍ ദത്ത് നെതര്‍ലാണ്ട്സിന്റെ അവസാന വിക്കറ്റായി വീണപ്പോള്‍ റോസ് ടെയിലര്‍ ആണ് ക്യാച്ച് പൂര്‍ത്തിയാക്കി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമം കുറിച്ചത്. 64 റൺസ് നേടിയ സ്റ്റെഫാന്‍ മൈബര്‍ഗ് തന്റെ അവസാന ഏകദിന മത്സരവും അവിസ്മരണീയമാക്കി. ലോഗന്‍ വാന്‍ ബീക്ക് 32 റൺസ് നേടി.

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി നാല് വിക്കറ്റ് നേടി.