ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് അച്ചടക്കമില്ലായ്മയുണ്ടായി, റോറിയുടെ ഇന്നിംഗ്സ് പ്രശംസനീയം – ക്രിസ് സില്‍വര്‍വുഡ്

England
- Advertisement -

ലോര്‍ഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് അച്ചടക്കമില്ലായ്മയുണ്ടായി എന്ന് പറഞ്ഞ് മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡ്. മോശം ഷോട്ട് സെലക്ഷനാണ് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ സാധ്യതകളെ ഇല്ലാതാക്കിയതെന്നും സില്‍വര്‍വുഡ് പറഞ്ഞു. പല സമയങ്ങളിലും ബാറ്റ്സ്മാന്മാര്‍ അച്ചടക്കമില്ലാതെ മോശം ഷോട്ടുകൾ കളിച്ച് പുറത്താകുന്നത് കണ്ടുവെന്നും അതിന്റെ വില ഇംഗ്ലണ്ട് നല്‍കേണ്ടി വന്നുവെന്നും ഇംഗ്ലണ്ട് കോച്ച് വ്യക്തമാക്കി.

ഇത് മുമ്പും ഡ്രസ്സിംഗ് റൂമിൽ ചര്‍ച്ച ചെയ്ത കാര്യമാണെന്നും ടീം പ്രതിസന്ധി ഘട്ടത്തെ നേരിട്ട് മോശം ദിവസത്തെ അതിജീവിക്കുന്നത് കാണുവാനാണ് തനിക്ക് താല്പര്യമെന്നും സില്‍വര്‍വുഡ് സൂചിപ്പിച്ചു.

Roryburns

അതേ സമയം പോസിറ്റീവ് വശമായി റോറി ബേണ്‍സിന്റെ ഇന്നിംഗ്സ് ഉണ്ടെന്നും ഇന്ത്യന്‍ ടൂറിൽ നിന്ന് ഒഴിവാക്കപ്പെട്ട താരം ശക്തമായ തിരിച്ചുവരവാണ് ആദ്യ ഇന്നിംഗ്സിലെ ശതകത്തിലൂടെ നടത്തിയതെന്നും ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. താരം ശതകം നേടിയതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മികച്ച രീതിയിലാണ് ബേൺസ് ബാറ്റ് ചെയ്തതെന്ന് താന്‍ കരുതുന്നുവെന്നും സിൽവര്‍വുഡ് വ്യക്തമാക്കി.

രണ്ടാം ഇന്നിംഗ്സിൽ ഡൊമിനിക് സിബ്ലേയും അച്ചടക്കത്തോടെയാണ് ബാറ്റ് വീശിയതെന്നും ക്രീസിൽ സമയം ചെലവാക്കി മത്സരത്തിൽ ഇംഗ്ലണ്ടിന് സമനിലയുറപ്പാക്കിയ പ്രകടനം ആയിരുന്നു അതെന്നും ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി.

Advertisement