റൂട്ടിനു ശതകം, അര്‍ദ്ധ ശതകവുമായി ബെന്‍ ഫോക്സ്, ആറ് വിക്കറ്റ് നേടി അകില ധനന്‍ജയ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനു 278 റണ്‍സ് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 324 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്. 51 റണ്‍സ് നേടിയ ബെന്‍ ഫോക്സും 4 റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്സണുമാണ് ക്രീസില്‍ നില്‍ക്കുന്നത്. തന്റെ കരിയറിലെ തന്നെ മികച്ച ഇന്നിംഗ്സ് കളിച്ച ജോ റൂട്ടിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്.

124 റണ്‍സ് നേടിയ ജോ റൂട്ടിനെ അകില ധനന്‍ജയ പുറത്താക്കിയ ശേഷം ഇംഗ്ലണ്ടിന്റെ വാലറ്റത്തെയും ധനന്‍ജയ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് പ്രതിരോധത്തിലാകുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 82 റണ്‍സാണ് റൂട്ടും ഫോക്സും കൂടി നേടിയത്. റൂട്ടിന്റെ വിക്കറ്റ് വീണ ശേഷം അതേ ഓവറില്‍ ഇംഗ്ലണ്ടിനു സാം കറനെയും നഷ്ടമായി. തന്റെ അടുത്ത ഓവറില്‍ ആദില്‍ റഷീദിനെയും അകില ധനന്‍ജയ പുറത്താക്കുകയായിരുന്നു.