ടെസ്റ്റ് പരമ്പരയിൽ രോഹിത് കളിച്ചേക്കില്ല

Rohitsharma1

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിൽ പരിക്കേറ്റ രോഹിത് ശര്‍മ്മ ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്ന് സൂചന. താരം മുംബൈയിലുള്ള മെഡിക്കൽ എക്സ്പേര്‍ട്ടുകളോട് സംസാരിച്ച ശേഷം മാത്രമാവും ടെസ്റ്റ് പരമ്പരയിൽ കളിക്കുക എന്നാണ് അറിയുന്നത്. ഇന്ത്യയുടെ ബൗളിംഗ് ഇന്നിംഗ്സിൽ രണ്ടാം ഓവറിലാണ് രോഹിത്തിന്റെ തള്ളവിരലിന് പരിക്കേൽക്കുന്നത്. അതിന് ശേഷം ഫീൽഡിലേക്ക് താരം വന്നില്ല.

പിന്നീട് ഇന്ത്യന്‍ ബാറ്റിംഗ് ടോപ് ഓര്‍ഡറിലും താരം ഇറങ്ങാതിരിക്കുകയും ഒമ്പതാമനായി മാത്രം ബാറ്റ് ചെയ്യുവാനും എത്തിയ രോഹിത് 28 പന്തിൽ 51 റൺസ് നേടി വിജയത്തിന് ഒരു സിക്സ് അകലെ വരെ ഇന്ത്യയെ എത്തിച്ചു. മത്സരത്തിനിടെ എടുത്ത എക്സ്റേയിൽ പൊട്ടൽ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനെത്തുടര്‍ന്നാണ് ലേറ്റ് ഓര്‍ഡറിൽ താരം ബാറ്റ് വീശാനെത്തിയത്.

മൂന്നാം ഏകദിനം കളിക്കാതെ മുംബൈയിലേക്ക് പറക്കുന്ന രോഹിത് അവിടെയുള്ള മെഡിക്കൽ എക്സ്പേര്‍ട്ടുകളോട് സംസാരിച്ച ശേഷം മാത്രമേ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നാണ് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.