തന്റെ റെക്കോര്‍ഡ് മറികടക്കുവാന്‍ രോഹിത്തിനും വാര്‍ണര്‍ക്കും ആയേക്കും – ലാറ

- Advertisement -

ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 400 റണ്‍സ് മറികടക്കുവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തി ബ്രയന്‍ ലാറ. ഇംഗ്ലണ്ടിനെതിരെ ലാറ പുറത്താകാതെ നേടിയ 400 റണ്‍സാണ് ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ലാറ 1994ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 375 റണ്‍സ് എന്ന ഒരു കാലത്തെ റെക്കോര്‍ഡ് 2003ല്‍ മാത്യു ഹെയ്ഡന്‍ 380 റണ്‍സ് നേടി മറികടന്നുവെങ്കിലും പിന്നീട് ലാറ തന്നെ അതിനെ മറികടക്കുകയായിരുന്നു.

അടുത്തിടെ പാക്കിസ്ഥാനെതിരെ അഡിലെയ്ഡില്‍ 335 റണ്‍സ് നേടി ഡേവിഡ് വാര്‍ണര്‍ ലാറയുടെ സ്കോര്‍ മറികടക്കുവാനടുത്തെത്തിയെങ്കിലും ടിം പെയിന്‍ ഡിക്ലറേഷന്‍ നടത്തുകയായിരുന്നു. അന്ന് ടിം പെയിന്‍ വാര്‍ണറെ റെക്കോര്‍ഡ് മറികടക്കുവാന്‍ അനുവദിക്കണമായിരുന്നുവെന്നാണ് ലാറയുടെ അഭിപ്രായം.

ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മയും പൃഥ്വി ഷായുമാണ് തന്റെ റെക്കോര്‍ഡ് മറികടക്കുവാനുള്ള സാധ്യത ഏറെയുള്ള താരമെന്ന് ലാറ പറഞ്ഞു. മികച്ച പിച്ചില്‍ മികച്ച ഫോമിലുള്ളപ്പോള്‍ രോഹിത്തിന് ഈ നേട്ടം കൊയ്യാനാകുമെന്ന് ലാറ പറഞ്ഞു. 19 വയസ്സുകാരന്‍ പൃഥ്വി ഷായാണ് അതിവേഗം സ്കോര്‍ ചെയ്ത് തന്റെ റെക്കോര്‍ഡ് മറികടക്കുവാന്‍ സാധ്യതയുള്ള മറ്റൊരു താരമെന്ന് ലാറ വ്യക്തമാക്കി.

Advertisement