കോച്ചുമാരെ ബഹുമാനിക്കുവാൻ ഇന്ത്യൻ ആരാധകരിൽ നിന്ന് പഠിക്കൂ, പാക്കിസ്ഥാൻ ആരാധകരോട് വസീം അക്രം

- Advertisement -

പാക്കിസ്ഥാൻ കോച്ചുമാരെ പരിഹസിക്കുന്നതിൽ നിന്ന് പാക്കിസ്ഥാൻ ആരാധകർ പിന്മാറണമെന്നും കോച്ചുമാരെ എങ്ങനെ ബഹുമാനിക്കണമെന്നത് ഇന്ത്യൻ ആരാധകരിൽ നിന്ന് ഇവർ പഠിക്കണമെന്നും പറഞ്ഞ് വസീം അക്രം. താൻ പാക്കിസ്ഥാൻ ടീമിൽ കോച്ചിംഗ് റോളിന് അപേക്ഷിക്കാത്തതിന് ഒരു കാരണം ഇതാണെന്നും വസീം അക്രം കൂട്ടിചേർത്തു.

2003ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പാക് താരം ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റിൽ പല ക്ലബ്ബുകളുടെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ ടീമിന്റെ ഭാഗമായ തന്റൊപ്പം കളിച്ചിരുന്ന വഖാർ യൂനിസിനെതിരെ പാക്കിസ്ഥാൻ സോഷ്യൽ മീഡിയയിൽ നിന്നുയരുന്ന പ്രതികരണങ്ങൾ താൻ കാണുന്നതാണെന്നും കോച്ചുമാരോടുള്ള സമീപനം ആളുകളുടെ ശരിയല്ലെന്നും വസീം പറഞ്ഞു.

ഫലം ജയമാണെങ്കിലും തോൽവിയാണെങ്കിലും കോച്ചുമാർ മത്സരം കളിക്കുന്നില്ലെന്ന് ഇവർ മനസ്സിലാക്കുന്നില്ലെന്നും പദ്ധതിയിടുന്നതിൽ മാത്രമാണ് കോച്ചിന്റെ റോളെന്നും കളിക്കേണ്ടത് താരങ്ങളാണെന്നും ആരാധകർ മനസ്സിലാക്കണമെന്നും ഇതിൽ പാക് ആരാധകർ ഇന്ത്യൻ ആരാധകരിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും മുൻ പാക് നായകൻ പറഞ്ഞു.

എന്നാൽ രവി ശാസ്ത്രിയും ഇത്തരത്തിൽ പ്രതിഷേധം ലഭിയ്ക്കുന്ന വ്യക്തിയാണെന്ന് വസീം അക്രം ഓർക്കുന്നില്ലെന്നതാണ് രസകരമായ കാര്യം.

Advertisement