ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുവാനായി താന്‍ കാത്തിരിക്കുന്നു – രവി ശാസത്രി

ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുവാനായി താന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഇന്ത്യന്‍ മുഖ്യ കോച്ച് രവി ശാസ്ത്രി. കൊറോണയുടെ വ്യാപനം കാരണം ലോകത്തിലെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളെല്ലാം സുരക്ഷ ബയോ ബബിളുകളില്‍ താമസിച്ചാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

നിയന്ത്രിത പരിശീലനങ്ങളും പുറം ലോകവുമായി കുറവ് സമ്പര്‍ക്കവും മാത്രമാണ് ഇവര്‍ക്കുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും ഓഗ്സ്റ്റ് മുതല്‍ ഐപിഎലിന്റെ ഭാഗമായതിനാല്‍ തന്നെ ബയോ ബബിളില്‍ നിന്ന് ബയോ ബബിളിലേക്കുള്ള യാത്രയിലാണ്.

ബയോ ബബിളുകള്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഒന്നാണെന്നും ഫീല്‍ഡില്‍ മികച്ച പ്രകടനം നടത്തുവാനാകാത്ത ഒരു താരത്തിന് ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നത് ശ്രമകരമായ കാര്യമാണെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. താന്‍ ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കാനായി കാത്ത് നല്‍ക്കുകയാണെന്നും താരങ്ങളും ഇത്തരം സാഹചര്യത്തിലൂടെയാണ് പോകുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.

ഈ വിഷമ സ്ഥിതിയിലും ഉന്നത നിലവാരത്തിലുള്ള പ്രകടനം ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തെടുത്തതെന്നുള്ളത് അഭിമാന നിമിഷമാണെന്ന് ഇന്ത്യന്‍ മുഖ്യ കോച്ച് വെളിപ്പെടുത്തി.