സസ്സെക്സിലേക്ക് റഷീദ് ഖാന്‍ തിരികെ എത്തുന്നു, മുജീബും ടി20 ബ്ലാസ്റ്റിന്

അടുത്ത് തന്നെ തുടങ്ങാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുജീബ് റഹ്മാനും കളിക്കും. റഷീദ് ഖാന്‍ കഴിഞ്ഞ വര്‍ഷം കളിച്ച സസ്സെക്സില്‍ തിരികെ എത്തുമ്പോള്‍ മിഡില്‍സെക്സിന് വേണ്ടിയാവും മുജീബ് കളിക്കുക. അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഇരു താരങ്ങള്‍ക്കും അത്ര ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റനായി നിയമിക്കപ്പെട്ട താരമാണ് റഷീദ് ഖാന്‍.

ലോകകപ്പില്‍ തന്റെ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ സ്പെല്‍ എറിഞ്ഞ് തീര്‍ക്കേണ്ടി വന്നിരുന്നു അഫ്ഗാനിസ്ഥാന് ഇംഗ്ലണ്ടിനെതിരെ. ടൂര്‍ണ്ണമെന്റില്‍ ഒരു മത്സരം പോലും വിജയിക്കാനാകാതെ ആണ് അഫ്ഗാനിസ്ഥാന്‍ മടങ്ങിയത്. എന്നാല്‍ റഷീദിനെക്കാള്‍ മികവ് പുലര്‍ത്തുവാന്‍ മുജീബിന് സാധിച്ചിരുന്നു.